തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലുകളുടെ ക്രൂചെയ്ഞ്ചിംഗിനുണ്ടായിരുന്ന അനുമതി തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ പറഞ്ഞു. കൊവിഡിന്റെ പ്രത്യേക ഘട്ടത്തിലാണ് കേന്ദ്രം അനുമതി നൽകിയതെന്നും 2022ലെ കേരള മാരിടൈം ബോർഡ് ( ഭേദഗതി ) ബില്ലിന്റെ ചർച്ചയ്‌ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.
ക്രൂചെയ്‌ഞ്ചിംഗിലൂടെ സംസ്ഥാനത്തിന് വലിയ വരുമാനം കിട്ടിയിരുന്നു. അനുമതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും വിഷയം പരിശോധിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു. കേരള മാരിടൈം ബോർഡ് ആസ്ഥാനം തിരുവനന്തപുരത്താക്കാനും കൊച്ചിയിൽ മേഖലാ ഓഫീസ് സ്ഥാപിക്കാനും ചെയർമാന്റെ യോഗ്യത പുനർ നിശ്ചയിച്ച് ചെയർമാൻ, വൈസ് ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ കാലാവധി മൂന്ന് വർഷമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ബിൽ. ബോർഡിലേക്ക് മാറ്റപ്പെട്ട ജീവനക്കാരെ സർക്കാർ ജീവനക്കാരായി തുടരാൻ അനുവദിച്ചും അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ബോർഡിൽ ജനപ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും ഉൾപ്പെടാത്തത് ദുർഭരണത്തിന് വഴിതെളിക്കുമെന്ന് ബില്ലിനെ എതിർത്ത് ടി.ജെ. വിനോദ് അഭിപ്രായപ്പെട്ടു. തുറമുഖ വികസനത്തിന് പ്രൊഫഷണൽ മാനേജ്മെന്റ് സംവിധാനം അനിവാര്യമാണെന്ന് ബില്ലിനെ പിന്തുണച്ച് കെ.വി. സുമേഷ് പറഞ്ഞു. ബിൽ സബ്‌ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.