തിരുവനന്തപുരം: ആ​റ്റിങ്ങൽ കച്ചേരിനട ജംഗ്ഷൻ വികസനത്തിന് സാദ്ധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. നേരത്തേ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിച്ചു.

എന്നാൽ പ്രധാന ജംഗ്ഷനായ കച്ചേരിനടയിൽ പോസ്​റ്റോഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ 2.43 സെന്റ് വസ്‌തു ലഭിച്ചാലേ അവിടെ ഗതാഗതകുരുക്ക് ഒഴിവാക്കാനാകൂ. ഭൂമി ലഭ്യമാക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. രണ്ടുതവണ കേന്ദ്ര വാർത്താവിനിമയ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും പ്രശ്‌നപരിഹാരമുണ്ടായിട്ടില്ല. പ്രത്യേക പരിശോധന നടത്താൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്താം. ജംഗ്ഷൻ വികസനത്തിനായി സാദ്ധ്യമായ എല്ലാ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഒ.എസ്. അംബികയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.