mohd

 ഒരാൾ യു.പി സ്വദേശി, സ്കൂട്ടർ കണ്ടെത്തി

തിരുവനന്തപുരം: ഇടപ്പഴിഞ്ഞിയിൽ അദ്ധ്യാപികയുടെ വീട്ടിലെ കവർച്ചാശ്രമം തടഞ്ഞ യുവാവിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെട്ട പ്രതികൾ യു.പി ബറേലി തെഹ്സിൽ ബഹേരി പിപ്രനങ്കർ വില്ലേജിൽ ജലീൽ അഹമ്മദിന്റെ മകൻ മൊഹ്ദ് മോനിഷും (25) കൂട്ടാളിയുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാനായി തെരച്ചിൽ ഊർജിതമാക്കി.

ഇവർ രക്ഷപ്പെട്ട സ്കൂട്ടർ പി.എം.ജി- വികാസ് ഭവൻ റോഡിൽ ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയതോടെയാണ് പ്രതികളെ തിരിച്ചറിയാനായത്. കോവളം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ദസ്തജീറിൽ നിന്ന് പ്രതികൾ വാടകയ്ക്കെടുത്ത സ്കൂട്ടറാണിത്. ഇതിൽ നിന്നുലഭിച്ച ആർ.സി രേഖകളിൽ നിന്നാണ് ഉടമ ദസ്തജീറാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ വിളിപ്പിച്ച് മൊഴിയെടുത്തപ്പോഴാണ് ആധാറിന്റെ പകർപ്പും അയ്യായിരം രൂപ അഡ്വാൻസും വാങ്ങി മൊഹ്ദിന് സ്കൂട്ടർ വാടകയ്ക്ക് നൽകിയ വിവരം അറിഞ്ഞത്.

ആധാർ പകർപ്പിൽ നിന്ന് മൊഹ്ദിന്റെ ചിത്രവും വിവരവും ലഭിച്ചു. പ്രതികളിൽ മെലിഞ്ഞയാളാണ് മൊഹ്ദ്. തന്റെ സ്കൂട്ടറാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന വിവരം പൊലീസ് വിളിപ്പിച്ചപ്പോഴാണ് ദസ്തജീർ അറിയുന്നത്. ആക്ടീവ സ്കൂട്ടറിന്റെ കെ.എൽ.01 സി.ജെ 2042 എന്ന യഥാർത്ഥ രജിസ്ട്രേഷൻ നമ്പറിനുപകരം മറ്റൊരു നമ്പർ എഴുതിച്ചേർത്താണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇത് കഴക്കൂട്ടം ചന്തവിള ഭാഗത്തെ ലോഡിംഗ് തൊഴിലാളിയുടെ സ്കൂട്ടറിന്റെ നമ്പറാണ്.

അന്വേഷണത്തിന്

മൂന്ന് ടീമുകൾ

ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കച്ചവടം നടത്തുന്ന സുരേഷിന്റെ വീട്ടിൽ നിന്ന് ഒന്നേമുക്കാൽ പവൻ സ്വർണവും അരലക്ഷം രൂപയും കവർന്നതും ഈ പ്രതികളാണെന്ന് പൊലീസ്. മ്യൂസിയം, ഫോർട്ട്, വഞ്ചിയൂർ സ്റ്റേഷനുകളിൽ നിന്നുള്ള മൂന്ന് ടീമുകളാണ് അന്വേഷണം നടത്തുന്നത്.

നഗരത്തിലെ യു.പി സ്വദേശികളായ ചില തൊഴിലാളികൾ മൊഹ്ദിന്റെ ഫോട്ടോ തിരിച്ചറിഞ്ഞെങ്കിലും താമസസ്ഥലം അറിയില്ലെന്ന് വ്യക്തമാക്കി. യു.പി പൊലീസുമായും അന്വേഷണ സംഘം ബന്ധപ്പെടുന്നുണ്ട്.