
തിരുവനന്തപുരം: മന്ത്രിയായ അമ്മയെ സാക്ഷിനിറുത്തി മകൾ സ്‌കൂളിന്റെ പ്രിൻസിപ്പലായി ചുമതല ഏറ്റെടുത്തു. മന്ത്രി വീണാജോർജിന്റെ മകളും ക്രൈസ്റ്റ് നഗർ സ്‌കൂൾ വിദ്യാർത്ഥിയുമായ അന്ന ജോർജാണ് താരമായത്. സ്റ്റുഡന്റ്സ് ഡേയുടെ ഭാഗമായി ഒരുദിവസത്തേക്കാണ് സ്റ്റുഡന്റ് പ്രിൻസിപ്പലായി അന്ന ചുമതലയേറ്റത്.
സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ജയ ജേക്കബ് കോശിയിൽ നിന്ന് പ്രതീകാത്മകമായി സ്‌കൂളിന്റെ അധികാരമേറ്റെടുത്താണ് അന്ന ക്ലാസുകൾക്ക് തുടക്കം കുറിച്ചത്. ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോർജ്. മന്ത്രിയായ അമ്മയുടെ സാന്നിദ്ധ്യത്തിൽ ഇത്തരമൊരു പദവിയിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു മകൾ. 10,12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഇന്നലെ ക്ലാസുകൾ കൈകാര്യം ചെയ്‌തത്.
ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ബിനോ പട്ടർക്കളം സി.എം.ഐ, ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.മാത്യു തെങ്ങുമ്പള്ളി സി.എം.ഐ, വൈസ് പ്രിൻസിപ്പൽ ആൻഡ് ബർസാർ ഫാ. റ്റിന്റോ പുളിഞ്ചുവള്ളിൽ സി.എം.ഐ, ആനി ഇഗ്നേഷ്യസ്, ബിന്ദു. കെ.വൈ, സ്റ്റുഡന്റ്സ് ഡേ കൺവീനർമാരായ ഷൈനി ആന്റണി, ദിവ്യ എൽ.ആർ, ആശ മോണിക്ക, അശ്വതി. ആർ എന്നിവർ പങ്കെടുത്തു.