vd-satheesan-and-p-rajeev

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്നതെന്ന ആക്ഷേപമുയർന്ന ലോകായുക്ത നിയമഭേദഗതി ബില്ലിന്മേൽ ഇന്നലെ നിയമസഭയിൽ ചൂടേറിയ വാഗ്വാദം. ബിൽ ഭരണഘടനാവിരുദ്ധമാണെന്ന് കാട്ടി തടസ്സവാദമുന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനും, ബിൽ അവതരിപ്പിച്ച നിയമ മന്ത്രി പി. രാജീവും തമ്മിലായിരുന്നു കൊമ്പുകോർക്കൽ.

പുതിയ ഭേദഗതിയോടെ, അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ ജുഡിഷ്യൽ അധികാരം കവർന്നെടുക്കുന്ന അപ്പലേറ്റ് അധികാരിയായി എക്സിക്യുട്ടീവ് മാറുകയാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ലോകായുക്ത ജുഡിഷ്യൽ സംവിധാനമല്ലെന്നും, അതിന് അന്തിമവിധി നടപ്പാക്കാനുള്ള അനുവാദം നൽകുന്നത് ഭരണഘടനയ്ക്കെതിരാണെന്നും മന്ത്രി രാജീവ് തിരിച്ചടിച്ചു. പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങൾ സ്പീക്കർ തള്ളി.

വാദ പ്രതിവാദത്തിലേക്ക്

 വി.ഡി. സതീശൻ: മൂല നിയമത്തിലെ പതിനാലാം വകുപ്പനുസരിച്ച് പരാതിയിന്മേൽ ലോകായുക്തയ്ക്ക് വിധി പ്രഖ്യാപിക്കാം. അതംഗീകരിക്കാൻ എക്സിക്യുട്ടീവ് (ഭരണകൂടം) ബാദ്ധ്യസ്ഥമാണ്. പുതിയ ഭേദഗതിയനുസരിച്ച് എക്സിക്യുട്ടീവിന് വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം

 മന്ത്രി രാജീവ്: ലോകായുക്ത അന്വേഷണത്തിനും പരിശോധനയ്ക്കുമുള്ള സംവിധാനമാണ്. അതിന് ജുഡിഷ്യൽ തീർപ്പുണ്ടാക്കാനധികാരമില്ല.

 സതീശൻ : ലോകായുക്ത ഒരു കേസിലന്വേഷണം നടത്തി അഴിമതി കണ്ടെത്തിയാലത് അടച്ചു വയ്ക്കണോ? നിയമം കൊണ്ടുവന്നതിന്റെ ഉദ്ദേശ്യലക്ഷ്യം അഴിമതി തടയലാണ്.

 രാജീവ് : ഈ നിയമത്തിനകത്ത് എവിടെയെങ്കിലും ഇതൊരു ജുഡിഷ്യൽ സംവിധാനമാണെന്ന് പറഞ്ഞിട്ടുണ്ടോ? അത് തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു

 സതീശൻ: ഏതെങ്കിലും നിയമത്തിൽ ഇതൊരു ജുഡിഷ്യൽ സംവിധാനമാണെന്ന് എഴുതി വയ്ക്കണോ? നിങ്ങളെന്തിനാണ് അങ്ങനെയെങ്കിൽ സുപ്രീംകോടതി ജഡ്ജിയെ നിയമിക്കുന്നത്?.

 രാജീവ്: അന്വേഷണം നടത്തുന്ന ഏജൻസി തന്നെ ശിക്ഷ വിധിക്കുന്നത്. ലോകത്തൊരിടത്തുമില്ലാത്ത സംവിധാനമാണ്.

 സതീശൻ: ലോകായുക്ത നിയമത്തിലെ 11 (2) വകുപ്പിൽ, ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും സിവിൽ കോടതിയുടെ എല്ലാ അധികാരവുമുണ്ടെന്ന് പറയുന്നു.

 രാജീവ്: ഇതുപോലെയുള്ള എല്ലാ സംവിധാനങ്ങൾക്കും സിവിൽ കോടതിയുടെ അധികാരം കൊടുക്കുന്നത്. അന്വേഷണാധികാരത്തിന്റെ ഭാഗമാണ്. അല്ലാതെ ജുഡിഷ്യൽ സംവിധാനമല്ല.

അന്വേഷണവും പരിശോധനയും വിധി പറയലുമെല്ലാം ഒരുമിച്ച് ഒരേജൻസിക്ക് വരുമോ? കേന്ദ്രം പാസാക്കിയ ലോക്പാൽ നിയമത്തിനുമില്ല ആ അധികാരം. നിയമം ജഡാവസ്ഥയിലുള്ളതല്ല, മാറ്റത്തിന് വിധേയമാണെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പറഞ്ഞിട്ടുണ്ട്.

 സതീശൻ: നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പറയാൻ കോടതിക്ക് മാത്രമാണധികാരം. മന്ത്രിക്കതിനെന്തധികാരം?

 രാജീവ്: ഇപ്പോഴത്തെ ഭേദഗതി ബില്ല് ഭരണഘടനയോടൊത്ത് നിൽക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, അങ്ങനെയെങ്കിൽ അതാദ്യം പിൻവലിക്കണം.