
വിഴിഞ്ഞം: തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടക്കുന്ന രാപ്പകൽ സമരം ഇന്ന് ഒമ്പതാം ദിവസം. ഫാ. സാബാസ് ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ വലിയതുറ ഇടവകയിലെ വിശ്വാസികളാണ് ഇന്നലെ സമരത്തിനെത്തിയത്.
ബാരിക്കേഡുകൾ മറിച്ചിട്ട് സമരക്കാർ പ്രധാന കവാടത്തിലൂടെ അകത്തുകയറി മുദ്രാവാക്യം വിളിച്ചശേഷം പദ്ധതി പ്രദേശത്തെ നിരവധി സ്ഥലങ്ങളിൽ കൊടികൾ നാട്ടി. പുലിമുട്ടിന്റെ അവസാനഭാഗം വരെ നടന്നെത്തിയ ശേഷം സംഘം സമരപ്പന്തലിലേക്ക് മടങ്ങി. പ്രതിഷേധ കൂട്ടായ്‌മ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. ഫാ. മൈക്കിൾ തോമസ്, ഫാ. തിയഡോഷ്യസ്, ഫാ. നിക്കോളാസ്, ഫാ.പയസ്, ഫാ.റോബിൻസൺ, ഫാ.ഷാജിൻ ജോസ്, ബെർണഡിൻ എം.ലൂയിസ്, ഉമ്മൻ വി.ഉമ്മൻ എന്നിവർ സംസാരിച്ചു. കൺവീനർമാരായ പാട്രിക് മൈക്കിൾ, ജോൺസൺ ജോസഫ്, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൻ ഫെൻസൻ എന്നിവർ നേതൃത്വം നൽകി.