
# വാഗ്ദാനംചെയ്തത് തായ്ലൻഡിലെ ജാേലി
# പീഡിപ്പിച്ച് ഡേറ്റ ചോർത്തൽ ചെയ്യിക്കുന്നു
വർക്കല:തായ്ലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ വർക്കല സ്വദേശി ഉൾപ്പെടെ ഇരുപത്തഞ്ചോളം യുവാക്കൾ വഞ്ചിതരായി മ്യാൻമാറിൽ പീഡനം നേരിടുന്നതായി പരാതി. മലയാളികൾ അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എൺപതോളം പേരെയാണ് പട്ടാള ക്യാമ്പിനോട് സമാനമായ കേന്ദ്രത്തിൽ എത്തിച്ചത് . വർക്കല താന്നിൻമൂട് ലക്ഷം വീട്ടിൽ നീതീഷ് ബാബു (25),ആലപ്പുഴ സ്വദേശികളായ ഷിനാജ് (27) ,ഹിജാസ് (22),ബിനോയി (32) ,സാബിർ(26),തിരുവനന്തപുരം കോവളം സ്വദേശി ജുനൈദ്(27) എന്നിവർ ഉൾപ്പെടെ 25 ഓളം മലയാളി യുവാക്കളുണ്ട്. നിതീഷ് ആഗസ്റ്റ് രണ്ടിനാണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ബാങ്കോക്ക് എയർപോർട്ടിൽ എത്തിയത്. അവിടെ എത്തിയപ്പോൾ, തായ്ലൻഡ് കമ്പനിയിലെ ജീവനക്കാരെന്ന് അവകാശപ്പെട്ട് എത്തിയ ഒരു സംഘം വാഹനത്തിൽ കയറ്റി തോക്ക് ചൂണ്ടി മ്യാൻമറിലെ ക്യാമ്പിൽ എത്തിച്ചെന്ന് നിതീഷ് അവിടെനിന്ന് അറിയിച്ചു
വിവിധ രാജ്യങ്ങളിലെ വ്യക്തികളുടെ ഡേറ്റ ചോർത്തി നൽകാനാണ് ആവശ്യപ്പെട്ടത് . നിരസിച്ചപ്പോൾ, ഭക്ഷണവും വെള്ളവും കൊടുക്കാതെ പീഡിപ്പിച്ചെന്ന് നിതീഷ് പറയുന്നു. വിവിധരാജ്യങ്ങളിലെ വ്യക്തികളുടെ ഐ.ഡി ,ഫേസ് ബുക്ക് എന്നിവ ഹാക്ക് ചെയ്ത് ഇവർക്ക് ഓരോ ദിവസവും നൽകും .ഇത് പ്രകാരമാണ് ഇവർ ഡേറ്റ ചോർത്തി നൽകേണ്ടത്. ജോലി ചെയ്യുന്ന സ്ഥലത്ത് ചൈനക്കാരെന്നു തോന്നുന്നവരാണ് ആയുധധാരികളായി ഇവരെ നിരീക്ഷിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും ക്യാമ്പ് വളപ്പിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
തായ്ലൻഡിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ ആവശ്യമുണ്ടെന്ന പരസ്യം വാട്സ് ആപ്പ് വഴി കണ്ട നിതീഷ് ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് ജാേലി തരപ്പെടുത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് വിസ ശരിയാക്കി തായ്ലൻഡിലേക്ക് അയച്ചത്. 30000 രൂപ വാങ്ങുകയും ചെയ്തു. എങ്ങനെയെങ്കിലും നാട്ടിൽ എത്താനുളള ശ്രമത്തിലാണ് യുവാക്കൾ . ഇവരിൽ പലരും മ്യാൻമറിലെ ദുരവസ്ഥ വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നുണ്ട്.