തിരുവനന്തപുരം: ഡേകെയറിൽ പോയി തുടങ്ങിയിരുന്നതേയുള്ളൂ.. ഇനിയുമേറെ കളിചിരികളിലൂടെ കടന്നുപോകേണ്ടവൾ.. സന്തോഷമായിരുന്നു, ഞങ്ങൾക്കവൾ എന്നും..കൊല്ലം ബൈപ്പാസിൽ വാഹനാപകടത്തിൽ മരിച്ച മൂന്നരവയസുകാരി ജാനകിയുടെയും മുത്തശ്ശി കൃഷ്ണകുമാരിയുടെയും ബന്ധുവായ ഡോ.ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളാണിവ. അവരുടെ അസാന്നിദ്ധ്യം ഇനിയെന്നും തങ്ങൾക്കൊരു നോവാണ്. ഇരുവരുടെയും അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാവാതെ ബന്ധുക്കൾ പേട്ട തുലെയിൽ ലെയിനിലെ വീട്ടിൽ ദുഃഖത്തിലായി.പരസ്പരം ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പലരും വിങ്ങിപ്പൊട്ടി. മരണവാർത്തയറിഞ്ഞ് വിവിധയിടങ്ങളിൽ നിന്നുമായി ബന്ധുക്കൾ ഇന്നലെ പേട്ടയിലെ വീട്ടിൽ എത്തിയിരുന്നു.കൃഷ്ണകുമാരിയുടെ മകൻ ജയദേവും ഭാര്യ ഷീബയും പോകേണ്ടിയിരുന്ന വിവാഹത്തിനാണ് കൊച്ചുമകളുടെ തുലാഭാരമടക്കമുള്ള ചടങ്ങുകൾ നടത്താൻ കൃഷ്ണകുമാരിയും ജയദേവിന്റെ മകളും ജാനകിയുടെ അമ്മയുമായ കൃഷ്ണഗാഥയും പോയത്. കൃഷ്ണഗാഥയുടെ ഭർത്താവ് സുധീഷും മാതാപിതാക്കളും മറ്റൊരു വാഹനത്തിൽ ഇവർക്ക് പിറകെ ഉണ്ടായിരുന്നു. ജാനകിയുടെ ചോറൂണ് ഇവിടത്തെ ക്ഷേത്രത്തിൽ നടത്തിയെങ്കിലും ഗുരുവായൂരിൽക്കൂടി നടത്തണമെന്ന ആഗ്രഹം പൂർത്തിയാക്കാനാണ് കൊച്ചുമകളെയും യാത്രയിൽ ഒപ്പംകൂട്ടിയത്. അതൊരു തിരിച്ചുവരവില്ലാത്ത യാത്രയാകുമെന്ന് ആരും കരുതിയില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് പേട്ടയിലെ വസതിയിൽ എത്തിക്കും.സംസ്ക്കാരം രാവിലെ പതിനൊന്നോടെ കൃഷ്ണകുമാരിയുടേത് മുട്ടത്തറ മോക്ഷകവാടത്തിലും ജാനകിയുടേത് ചാത്തന്നൂരിലെ ജയദേവിന്റെ വീട്ടിലുമായി നടക്കും.