തിരുവനന്തപുരം: കുടിശിക അടച്ചിരുന്നെങ്കിലും ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. ഡീസൽ ലഭ്യത ഉറപ്പുവരുത്താൻ മാനേജ്‌മെന്റിന് സാധിക്കാതെ വന്നതോടെയാണ് ഇന്നലെ വിതരണം തടസപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മാത്രമായിരുന്നു ഇന്നലെ ഡിസലുണ്ടായിരുന്നത്.

മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകളെ ഡീസൽ നിറയ്ക്കാൻ ഇങ്ങോട്ടെത്തിച്ചതോടെ തമ്പാനൂരിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ഡീസൽ പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും സർവീസ് വെട്ടിക്കുറച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ആഗസ്റ്റ് ഒന്നുമുതൽ 10 വരെ ഡിപ്പോകളിലേയ്‌ക്ക് ഇന്ധന കമ്പനികളിൽ നിന്ന് ഡീസലെത്തിയിരുന്നില്ല. സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചും സർവീസ് വെട്ടിക്കുറച്ചുമാണ് അന്ന് പ്രതിസന്ധിയെ നേരിട്ടത്. ചെറിയ ഡിപ്പോകളിൽ മൂന്ന് ദിവസം കൂടുമ്പോഴും വലിയ ഡിപ്പോകളിൽ രണ്ട് ദിവസം കൂടുമ്പോഴുമാണ് ഇന്ധനമെത്തിയിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ 10 ദിവസം ഡീസൽ വിതരണം പൂർണമായി നിലച്ചിരുന്നു. വിതരണം പുനഃസ്ഥാപിച്ചെങ്കിലും ആവശ്യത്തിന് ലോഡ് എത്താത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് വിലയിരുത്തൽ.