road

ചിറയിൻകീഴ്: നാലുമുക്ക് ജംഗ്ഷനിൽ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് എടുത്ത കുഴി കോൺക്രീറ്റ് ചെയ്യാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാസങ്ങൾക്ക് മുൻപാണ് വാട്ടർ അതോറിട്ടി ഇവിടെ പൈപ്പ് ലൈൻ നന്നാക്കാനായി കുഴിയെടുത്തത്. കുഴി മൂടിയെങ്കിലും അത് കോൺക്രീറ്റ് ചെയ്യാത്തതാണ് കാൽനടയാത്രക്കാർക്കടക്കം തലവേദന സൃഷ്ടിക്കുന്നത്. ഇടഞ്ഞുംമൂലയിലേക്ക് തിരിഞ്ഞു പോകുന്ന വാഹനങ്ങൾക്ക് ഈ കുഴി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. പുതിയ പൈപ്പിടലുമായി ബന്ധപ്പെട്ട് റോഡിന് കുറുകെയെടുത്ത കുഴികൾ പൂർണമായി മൂടാത്തതും അതുവഴിയുള്ള യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. നാലുമുക്ക് മുതൽ സി.ഒ നഗർ വരെ ഏകദേശം നിരവധി കുഴികൾ എടുത്തിട്ടുണ്ട്. അതെല്ലാം ഭാഗികമായി മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. നാലുമുക്ക് ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിൽ ബസിന് നിറുത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുഴിയെടുത്തിരിക്കുന്നത്. ഇതിനൊരു പരിഹാരം സ്വീകരിക്കണമെന്ന് എസ്.എൻ.ഡ‌ി.പി യോഗം ഇടഞ്ഞുംമൂല ശാഖാ വൈസ് പ്രസിഡന്റ് ശിവപ്രസാദ് ആവശ്യപ്പെട്ടു.