
പാലോട്: ചെറ്റച്ചൽ ഫാമിന്റെ ഉടമസ്ഥതയിലുള്ള 28 ഏക്കർ സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുന്ന 33 കുടുംബങ്ങൾക്ക് പട്ടയവും - വനാവകാശ രേഖയും നൽകും.
കൂടാതെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പാങ്കാവ് പട്ടികവർഗ സങ്കേതത്തിലെ 95 കുടുംബങ്ങൾക്ക് ഭൂമിയുടെ കൈയവകാശ രേഖയും,പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ വീരണക്കാവ് വില്ലേജിലെ 9 കുടുംബങ്ങൾക്ക് പട്ടയവും വിതരണം ചെയ്യും. വൈകിട്ട് 4ന് ചെറ്റച്ചൽ സമരഭൂമിയിൽ നടക്കുന്ന ചടങ്ങ് ജി.സ്റ്റീഫൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ വി.ശിവൻകുട്ടി ,ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർ കൈയവകാശരേഖയും പട്ടയവും വിതരണം ചെയ്യും.ചെറ്റച്ചൽ ഭൂസമരസ്മരണിക ഡി.കെ.മുരളി എം.എൽ.എ പ്രകാശനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ,പട്ടികവർഗ വികസന വകുപ്പ് സംസ്ഥാന ഉപദേശക സമിതി അംഗം ബി.വിദ്യാധരൻ കാണി,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിലെത്തുന്ന മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും നൽകാനായി മുളയിലും ഈറയിലും നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ ഒരുക്കുന്ന തിരക്കിലാണ് ആദിവാസി സമൂഹം.സമരത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന 99കാരി ജാനകി അമ്മയ്ക്കും,നാലു വയസുകാരൻ അനിരുദ്ധും ഉൾപ്പെടെയുള്ളവർക്കുള്ള സർക്കാരിന്റെ ഓണസമ്മാനമാണ് അന്തിയുറങ്ങാനുള്ള ഒരു പിടി മണ്ണ്. എന്നാൽ സമരത്തിനു നേതൃത്വം നൽകിയ ആദിവാസി ക്ഷേമസമിതി ഭാരവാഹികളേയും സമീപ പഞ്ചായത്തുകളായ നന്ദിയോട്,പെരിങ്ങമ്മല എന്നിവിടങ്ങളിലെ ജനപ്രതിനിധികളേയും നോട്ടീസിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.