
വിതുര: മഴ കനത്തതോടെ വിനോദ സഞ്ചാരകേന്ദ്രമായ പൊൻമുടിയും, പരിസരപ്രദേശങ്ങളും തണുത്ത് വിറയ്ക്കുന്നു. നാട്ടിൻപുറത്തെ അപേക്ഷിച്ച് ഒരാഴ്ചയായി പൊൻമുടിയിൽ ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്.
മഴ കനത്തതോടെ ശക്തമായ മഞ്ഞ് വീഴ്ചയും വ്യാപിച്ചു. മഞ്ഞും മൂടൽമഞ്ഞും നിറഞ്ഞതോടെയാണ് തണുപ്പ് കൂടിയത്. മൂടൽമഞ്ഞിന്റെ ആധിക്യംമൂലം പകൽസമയത്ത് പോലും പൊൻമുടിയിൽ ഇരുൾ പടരുന്ന സ്ഥിതിവിശേഷമാണ്.
മഞ്ഞ് വീഴ്ച 22 ഹെയർപിൻ വളവ് താണ്ടി കല്ലാർ വരെ വ്യാപിക്കുന്നുണ്ട്.
വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. പ്രതികൂല കാലാവസ്ഥ നിമിത്തം രണ്ടാഴ്ച മുൻപ് വരെ പൊൻമുടി അടച്ചിട്ടിരിക്കുകയായിരുന്നു.13നാണ് തുറന്നത്.ഇതോടെ പൊൻമുടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമായിരുന്നു.
മഴയും മഞ്ഞും വ്യാപിച്ച് പൊൻമുടി തണുത്ത് വിറയ്ക്കുമ്പോഴും സഞ്ചാരികളുടെ വരവിന് യാതൊരു കുറവുമില്ല.കാലാവസ്ഥയിലെ വ്യതിയാനം സഞ്ചാരികൾക്ക് ഒരു ആകാശയാത്രയുടെ ത്രിൽ സമ്മാനിക്കും.
റോഡിൽ ഒറ്റയാന്റെ താണ്ഡവം
മഴയും മഞ്ഞ് വീഴ്ചയും വ്യാപിച്ചതോടെ പൊൻമുടി റോഡിൽ കാട്ടാന ശല്യവും വർദ്ധിച്ചു.മിക്ക ദിവസവും പൊൻമുടി റോഡിൽ കാട്ടാനകളുണ്ട്.ഇന്നലെ കല്ലാർ ഗോൾഡൻ വാലിക്ക് സമീപം റോഡിൽ ഇറങ്ങിയ കാട്ടാന ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. റോഡരികിൽ നിന്ന ഒലട്ടിമരം റോഡിലേക്ക് തള്ളിയിട്ട് തിന്നുകയായിരുന്ന ഒറ്റയാനെ കണ്ട് സഞ്ചാരികൾ ഭയന്ന് ഓടി രക്ഷപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസും അരമണിക്കൂറോളം നിറുത്തിയിട്ടു. നാട്ടുകാരും ടൂറിസ്റ്റുകളും ബഹളം കൂട്ടിയിട്ടും ഒറ്റയാൻ പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ഒലട്ടി പൂർണമായി തിന്ന ശേഷമാണ് കളം വിട്ടത്.
നടുറോഡിൽ ഉറക്കം, ആക്രമണകാരിയല്ല
ഒരാഴ്ച മുൻപും ഒറ്റയാൻ പൊൻമുടി റോഡിൽ ഗതാഗതം മുടക്കിയിരുന്നു.രാത്രിയിൽ നടുറോഡിലാണ് ഒറ്റയാന്റെ ഉറക്കം. പുലർച്ചെ ബസ് എത്തി ഹോൺ മുഴുക്കുമ്പോഴാണ് റോഡ് വിട്ട് കാട്ടിലേക്ക് കയറുന്നത്.ഒരു മാസമായി ഒറ്റയാൻ ഈ മേഖലയിൽ ചുറ്റിക്കറങ്ങുകയാണ്.ആരേയും ഇതുവരെ ആക്രമിച്ചിട്ടില്ല. കല്ലാർ ആദിവാസി മേഖലകളിലും ഈ ഒറ്റയാൻ എത്താറുണ്ടെന്ന് ആദിവാസികൾ പറയുന്നു.ആനയ്ക്ക് പുറമേ പൊൻമുടിയിൽ പുലി ശല്യവുമുണ്ട്.പൊൻമുടി സ്കൂളിന് സമീപം ഒരാഴ്ച മുൻപും പുലി ഇറങ്ങി ഭീതി പരത്തിയിരുന്നു.
ക്യാപ്ഷൻ: പൊൻമുടി റോഡിൽ ഇറങ്ങിയ ഒറ്റയാൻ