
വക്കം: സ്വന്തമായൊരു കിടപ്പാടം പോലുമില്ലാതെ നിസഹായനായി കാൻസർ രോഗി. വക്കം തൊടിയിൽ തിട്ടയിൽ വീട്ടിൽ ഓമനഅമ്മയുടെ ഇളയമകൻ ഷാജിയാണ് (48) കാൻസർ ബാധിച്ച് സുമനസുകളുടെ സഹായം തേടുന്നത്.
ഓമനയുടെ വാർദ്ധ്യകകാല പെൻഷൻ കൊണ്ടാണ് അഞ്ചംഗ കുടുംബം ഇപ്പോൾ ജീവിക്കുന്നത്. പോയിന്റിംഗ് തൊഴിലാളിയായിരുന്ന ഷാജിയെ പത്ത് വർഷം മുൻപാണ് കാൻസർ ബാധിക്കുന്നത്. ആർ.സി.സിയിൽ ഡോക്ടറുടെ നിർദേശപ്രകാരം സർജറി നടത്തിയിരുന്നു. കഴിഞ്ഞ വർഷം വീണ്ടും നാക്കിലും താടിയെല്ലിലേക്കും കാൻസർ വ്യാപിക്കുകയായിരുന്നു. നാക്കിന്റെ ഒരു വശവും താടിയെല്ലിന്റെ ഒരു ഭാഗവും ചികിത്സയുടെ ഭാഗമായി മുറിച്ചുമാറ്റി. ആറ് കീമോയും മുപ്പത് റേഡിയേഷനും സർജറികളും നടത്തി. വെളിവിളാകം പ്രദേശത്തുള്ളവരുടെ കൂട്ടായ്മയിൽ ഒരു ചെറിയ ചികിത്സാസഹായം നൽകിയിരുന്നു.
പിന്നെയും കുടുംബം പുലർത്താനായി ഷാജി ഓട്ടോ ഓടിക്കാൻ പോയി. മൂക്കിൽ കൂടി ട്യൂബ് വഴി ലഘു പാനീയങ്ങൾ കഴിച്ചാണ് വാഹനം ഓടിച്ചിരുന്നത്. മൂന്ന് മാസമായി രോഗം കടുത്തു. കരിക്കിൻ വെള്ളം മാത്രം ട്യൂബ് വഴി നൽകിയാണ് ജീവൻ നിലനിറുത്തുന്നത്. വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച തകര ഷീറ്റ് മേഞ്ഞ ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇവർ താമസിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലോ, ചികിത്സ കാർഡിനോ, കാൻസർ രോഗികൾക്കുള്ള പെൻഷൻ എന്നിങ്ങനെ ഇവർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് പരാതി.
വെള്ളക്കെട്ടുള്ള ഭാഗത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭാര്യയും മക്കളും, ഭാര്യയുടെ അമ്മ ശാരദമ്മ (70), ഷാജിയുടെ അമ്മ എന്നിവരാണ് ഈ വീട്ടിൽ കഴിയുന്നത്.