
വില 15,000 മുതൽ 1.5 ലക്ഷം രൂപവരെ
തിരുവനന്തപുരം: മൃഗശാലയിൽ വിദേശത്ത് നിന്നെത്തിച്ച അപൂർവയിനം പക്ഷിയായ സൺ കോനൂരിനെ എലി പിടിച്ചു. ദിവസങ്ങളായി രണ്ടുപക്ഷികളെ കാണാനില്ലായിരുന്നെങ്കിലും അടയിരിക്കുകയാണെന്നാണ് കരുതിയത്. പിന്നീട് പരിശോധിച്ചപ്പോഴാണ് എലി പിടിച്ചതാണെന്ന് കണ്ടെത്തിയത്. പത്തോളം മുട്ടകളും കൂട്ടിലുണ്ട്. ശലഭ പാർക്കിന് സമീപമുള്ള മക്കോവോ തത്തകളുടെ കൂട്ടിലെ പ്രത്യേക കൂട്ടിലാണ് 22 സൺ കോനൂർ പക്ഷികളെ പാർപ്പിച്ചിരുന്നത്. വിപണിയിൽ ഇവയ്ക്ക് 15,000 മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുണ്ട്. കൂട്ടിലെ ചെറിയ മാളങ്ങളിൽ നിന്നെത്തുന്ന എലികൾ അടയിരിക്കാനെത്തുമ്പോഴാണ് പക്ഷികളെ പിടികൂടുന്നതെന്നാണ് സംശയം. മാളങ്ങൾ അടയ്‌ക്കുകയും കൂടുവച്ച് എലിയെ പിടിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ദക്ഷിണ അമേരിക്കയിലെ വടക്കുകിഴക്കൻ തീരദേശ പ്രദേശങ്ങളായ ബ്രസീൽ, ഗയാന എന്നീ പ്രദേശങ്ങളിലെ തീരദേശ ഉഷ്ണമേഖലാ വനമേഖലകളിലാണ് സൺ കോനൂരിനെ പ്രധാനമായും കാണപ്പെടുന്നത്. പറക്കുമ്പോൾ ഇവയ്ക്ക് സൂര്യകിരണങ്ങളുടെ നിറമുള്ളതിനാലാണ് സൺ കോനൂർ എന്ന പേര് ലഭിച്ചത്. 30 സെന്റിമീറ്റർ വലിപ്പമുണ്ട്. ചിറകുകൾക്ക് 5.45 മുതൽ 6.30 സെന്റിമീറ്റർ വരെ നീളമുണ്ടാകും. ഭാരം 110 മുതൽ 120 ഗ്രാം വരെ. ചുവപ്പിൽ ഓറഞ്ചും മഞ്ഞയും കലർന്ന തൂവലാണ്. കണ്ണുകളുടെ പുറംഭാഗത്ത് തീക്ഷ്ണമായ ചുവപ്പും ശരീരത്തിന്റെ അടിഭാഗത്ത് മഞ്ഞയിൽ ഓറഞ്ച് കലർന്ന തൂവലും ചിറകുകളിൽ മഞ്ഞയും പച്ചയും കലർന്ന തൂവലും കാണപ്പെടുന്നു. നഖങ്ങൾക്ക് കറുപ്പ് നിറം. കണ്ണുകൾക്ക് ചുറ്റും വെളുത്ത നിറമുള്ള വളയങ്ങളുണ്ടാകും. ഓരോ പ്രായത്തിലും തൂവലുകൾ കൊഴിഞ്ഞ് പുതിയവ വരുമ്പോൾ നിറം മാറി കൂടുതൽ സൗന്ദര്യമേറും. കേരളത്തിലെ കാലാവസ്ഥയിൽ ഇണങ്ങുന്ന ഇവയുടെ ശബ്ദം ചിലപ്പോൾ അരോചകമാണ്. ഫലവർഗങ്ങളും പച്ചക്കറികളും ഇലവർഗങ്ങളുമാണ് പ്രധാന ആഹാരം. 20 മുതൽ 30 വർഷം വരെ ആയുസുണ്ട്.