v-sivankutty

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള പാൽ, മുട്ട, നേന്ത്റപ്പഴം എന്നിവയുടെ വിതരണത്തിനായി കുട്ടിയൊന്നിന് ആഴ്ചയിൽ 20 രൂപ അനുവദിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മന്ത്റി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടി പൂർണമായും സംസ്ഥാന പദ്ധതിയാണ്. എന്നാൽ ഇതിനുള്ള ചെലവുകൂടി ഉച്ചഭക്ഷണം നൽകാനുള്ള തുകയിൽ നിന്നാണ് കണ്ടെത്തുന്നത്. ഇത് പ്രധാനാദ്ധ്യാപകർക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

ആഴ്ചയിൽ രണ്ടുദിവസം പാൽ, ഒരു ദിവസം മുട്ട, നേന്ത്റപ്പഴം എന്നിവ നൽകുന്നതിന് കുട്ടിയൊന്നിന് 20 രൂപയോളം ചെലവ് വരുന്നതായും പാചകവാതകം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ വിലവർദ്ധിച്ചതിനാൽ പാചകച്ചെലവ് ഇനത്തിൽ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും പരാതികളുണ്ട്.

പ്രൈമറി വിഭാഗം കുട്ടിയൊന്നിന് പ്രതിദിനം 4.97 രൂപയും അപ്പർ പ്രൈമറി വിഭാഗത്തിൽ പ്രതിദിനം 7.45 രൂപയുമാണ് നിലവിൽ പാചകച്ചെലവായി നൽകുന്നത്. ഇത് സ്ലാബ് സമ്പ്രദായത്തിൽ നിന്നുമാ​റ്റി പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെ തിരിച്ച് ആറ്, എട്ടുരൂപ ആക്കുന്നത് പരിഗണനയിലാണെന്നും അൻവർസാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.