
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പ്രത്യേക ബോർഡ് രൂപീകരിക്കുമ്പോൾ , വർഷങ്ങളായി ജോലി ചെയ്തുവരുന്ന കരാർ തൊഴിലാളികളുടെ കാര്യത്തിൽ മാനുഷിക സമീപനം സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു.
നിയമനങ്ങൾ നേരത്തെ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളെ അതേ പോലെ നിലനിർത്തുമെന്നും കേരള പബ്ളിക് എന്റർപ്രൈസസ് ( സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.നിയമനം പി.എസ്.സിക്ക് വിടാത്തതും ,നേരിട്ടോ മറ്റേതെങ്കിലും ഏജൻസികൾ വഴിയോ നിയമനം നടത്തുന്നതുമായ പൊതു മേഖലാ സ്ഥാപനങ്ങളിലെ 503 തസ്തികകളിലേക്കാണ് പുതിയ സംവിധാനത്തിൽ ആദ്യഘട്ട നിയമനം .
കരിമണൽ ഖനനം സ്വകാര്യ മേഖലയിൽ മതിയെന്നതാണ് കേന്ദ്ര സമീപനം. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ കേരളത്തിൽ ഖനനം നടക്കുന്നത്. നേരത്തെ താൻ
കേന്ദ്രത്തിന് നിവേദനം നൽകിയതാണ്. തീരമേഖലയിലെ എം.പിമാരുടെ യോഗം വിളിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉത്പാദന ക്ഷമതയുടെ അടിസ്ഥാനത്തിലാവും ബോണസ് .
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ/മാനേജിംഗ് ഡയറക്ടർ തസ്തികകളിൽ ഇപ്പോൾ നിയമനം നടത്തുന്നത് കേരള പബ്ളിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് മുഖേനയും അല്ലാത്ത തസ്തികകളിൽ നേരിട്ടോ മറ്റ് ഏജൻസികൾ മുഖേനയുമാണ് . ചില സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴിയും. പി.എസ്.സിയോ കേരള പബ്ളിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡോ നിയമനം നടത്താത്ത പൊതു മേഖലാ സ്ഥാപനങ്ങളിലെ നിയമനം സുതാര്യമായി നടത്താനാണ് കേരള പബ്ളിക് എന്റർപ്രൈസസ് ങബോർഡ് രൂപീകരിക്കുന്നത്.ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.