തിരുവനന്തപുരം: നാല് ദശാബ്ദത്തിന്റെ ഇടവേളയ്‌ക്ക് ശേഷംചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾ പഠിക്കാനെത്തുന്നു. ഇന്നാണ് പ്ളസ് വൺ ക്ളാസുകൾ ആരംഭിക്കുന്നത്. 18 പെൺകുട്ടികളാണ് ലിസ്റ്റിലുള്ളത് ഇതിൽ 12 പേർ അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി.ഇന്നുകൂടി അഡ്മിഷനുള്ളതിനാൽ കൂടുതൽ വിദ്യാർത്ഥിനികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ സ്കൂളിൽ പെൺകുട്ടികൾക്ക് 'പ്രവേശനോത്സവം' നടക്കും. മന്ത്രി ആന്റണി രാജു വിദ്യാർത്ഥിനികളെ സ്വീകരിക്കാനെത്തും.9.30ന് നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും. ഫലവൃക്ഷത്തൈകൾ നൽകിയാണ് സ്വീകരിക്കുക. ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും.കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിം,വലിയശാല വാർഡ് കൗൺസിലർ എസ്.കൃഷ്ണകുമാർ,തണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എം.ജിഷ്ണു,പി.ടി.എ പ്രസിഡന്റ് വി.സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഏറെ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ.മലയാളം ,ഇംഗ്ലീഷ് ,തമിഴ് മീഡിയങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏക വിദ്യാലയമാണിത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോഴാണ് ഗേൾസ് സ്‌കൂൾ,തമിഴ് സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും മിക്‌സഡ് സ്‌കൂൾ ആയി മാറിയിരിക്കുന്നത്.