തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിസഭാ ഉപസമിതി ലത്തീൻ അതിരൂപത അധികൃതരുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയം. തുറമുഖ നിർമ്മാണം നിറുത്തിവച്ച് പഠനം നടത്തണമെന്ന അതിരൂപതയുടെ ആവശ്യം പ്രായോഗികമല്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി.
രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ മണ്ണെണ്ണ സബ്‌സിഡിയുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായില്ല. 27ന് വീണ്ടും യോഗം ചേരാമെന്ന് അറിയിച്ചാണ് ചർച്ച അവസാനിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രി സമരക്കാർക്കെതിരെ നടത്തിയ പരാമർശത്തിൽ സമരസമിതി നേതാക്കൾ എതിർപ്പ് അറിയിച്ചു. കരുതിക്കൂട്ടിയുള്ള പരാമർശമല്ല മുഖ്യമന്ത്രി നടത്തിയതെന്നായിരുന്നു മന്ത്രിമാരുടെ വിശദീകരണം. അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസിലാക്കണം. നിയമസഭയിൽ അടിയന്തരപ്രമേയം പെട്ടെന്ന് വന്നതാണെന്നും മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറെടുത്തിരുന്നില്ലെന്നും മന്ത്രിമാർ പറഞ്ഞു.
മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. മന്ത്രിമാരായ വി. അബ്‌ദുറഹ്മാൻ, ആന്റണി രാജു, ജില്ലാ കളക്‌ടർ ജെറോമിക് ജോർജ്, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. പരിസ്ഥിതി പ്രവർത്തകരെയും ഇതര സമുദായങ്ങളെയും അണിനിരത്തി സമരം ശക്തമാക്കാനാണ് അതിരൂപതയുടെ തീരുമാനം.
സമരത്തിന്
ധീവരസഭയുടെ പിന്തുണ
വിഴിഞ്ഞം തുറമുഖ സമരത്തിന് ധീവരസഭ പിന്തുണ പ്രഖ്യാപിച്ചു. നാളെ തുറമുഖ കവാടത്തിൽ ധീവരസഭ സംസ്ഥാന നേതാക്കളും ജില്ലയിലെ പ്രവർത്തകരും പിന്തുണയുമായി എത്തിച്ചേരുമെന്ന് ജനറൽ സെക്രട്ടറി വി. ദിനകരൻ അറിയിച്ചു. വികസനത്തിന് ധീവരസഭ എതിരല്ല. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് തുറമുഖ നിർമ്മാണം മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.