തിരുവനന്തപുരം: രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്ത് നടക്കുന്ന സമരത്തിനെതിരെ നാളെ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് വിഴിഞ്ഞം തുറമുഖ പ്രാദേശിക കൂട്ടായ്‌മ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തുറമുഖത്തിന്റെ ഗുണഭോക്താക്കളായ വിഴിഞ്ഞം, കോട്ടുകാൽ, വെങ്ങാനൂർ വില്ലേജുകളിലെ സാമുദായിക - രാഷ്ട്രീയ - സാംസ്കാരിക സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ബഹുജന കൺവെൻഷൻ നാളെ വൈകിട്ട് 5ന് മുല്ലൂർ എൻ.എസ്.എസ് കരയോഗം ഹാളിലാണ് നടക്കുക. ഒരു നഷ്‌ടവും സംഭവിക്കാതെ തുക കൈപ്പറ്റുന്നവരാണ് സമരം നടത്തുന്നതെന്ന് കൂട്ടായ്‌മ ആരോപിച്ചു. മത്സ്യത്തൊഴിലാളികൾ സമരം ചെയ്യേണ്ടത് അവരുടെ പ്രദേശത്തുള്ള ഫിഷർമെൻ പോർട്ടിലാണ്. ഇവിടെ ഭൂമിയും വീടും തൊഴിലും നഷ്‌ടപ്പെട്ടത് കരപ്രദേശത്ത് താമസിക്കുന്നവർക്കാണ്. രാജ്യതാത്പര്യം കണക്കിലെടുത്ത് എല്ലാം സഹിച്ച് തുറമുഖം വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടായ‌്മ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ പ്രാദേശിക കൂട്ടായ്‌മ ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, രാമചന്ദ്രൻ നായർ, സതി കുമാർ, നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ, വേണുഗോപാലൻ നായർ, ഷൈജു നെട്ടത്താന്നി, മുക്കോല പ്രഭാകരൻ, സഞ്ചുലൻ, മുല്ലൂർ ശ്രീകുമാർ, വാർഡ് കൗൺസിലർ സി.ഓമന, എൻ.എസ്.എസ് പ്രതിനിധി മുല്ലൂർ മോഹനൻ നായർ എന്നിവർ പങ്കെടുത്തു.