road

ചിറയിൻകീഴ്: ചിറയിൻകീഴ് ഓവർബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും വാഹനങ്ങൾക്ക് കടന്നുപോകാൻ നിർദ്ദേശിച്ചിട്ടുള്ള റോഡുകളുടെ പരിതാപകരമായ അവസ്ഥ യാത്രക്കാർക്ക് തലവേദനയാകുന്നു. താലൂക്കിലെ ഏറെ തിരക്കുള്ള റോഡുകളിൽ ഒന്നാണ് ചിറയിൻകീഴ് - കടയ്ക്കാവൂർ റോഡ്. ഈ പാതയിലാണ് ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് മുകളിലൂടെ ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമിക്കുന്നത്.

വാഹന നിയന്ത്രണങ്ങളുടെ ഭാഗമായി ഈ റൂട്ടിലെ വാഹനങ്ങളെ ശാർക്കര - പണ്ടകശാല റോഡ‌ുവഴിയാണ് തിരിച്ചുവിടുന്നത്. പൊട്ടിപ്പൊളിഞ്ഞ് ഇടുങ്ങിയ ശാർക്കര - പണ്ടകശാല റോഡ് അടിയന്തരമായി ഓവർബ്രിഡ്ജ് നിർമ്മാണം തുടങ്ങുന്നതിന് മുൻപുതന്നെ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നാളിതുവരെ ഒന്നും ചെയ്തിട്ടില്ല. ഈ റോഡിന്റെ ടെൻ‌ഡർ നടപടികൾക്ക് ശേഷവും ഈ ആവശ്യവും വെള്ളത്തിൽ വരച്ച വരപോലെ നീളുകയാണ്. അടിയന്തരമായി ശാർക്കര - പണ്ടകശാല റോഡും ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

കുന്നും കുഴിയുമായി റോ‌ഡ്

ഓവർബ്രിഡ്ജ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മാണ സ്ഥലത്ത് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഭാവിയിലെ അപ്രോച്ച് റോഡാകാൻ പോകുന്ന പാലത്തിന്റെ പില്ലറുകൾക്ക് സമീപമുള്ള റോഡ് വഴി വലിയ വാഹനങ്ങൾ ഒഴികെയുള്ളവ കടത്തിവിടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും താലൂക്ക് ആശുപത്രിയിലുമൊക്കെ എത്തേണ്ടവർക്ക് ഇതൊരനുഗ്രഹവുമാണ്. പക്ഷേ ഏതൊരു നിരപ്പുമില്ലാത്ത കുന്നുംകുഴിയുമാണ് ഈ റോഡിന്റെ ശാപം.

ഭീഷണിയായി പോസ്റ്റുകളും

ഓവർബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും അപകട ഭീഷണി ഉയർത്തുന്നതായി പരാതിയുണ്ട്. ഇവയിൽ പലതും സമീപത്തെ ബിൽഡിംഗുമായി തൊട്ടുരുമ്മിയാണ് നിൽക്കുന്നത്. ഇവിടെ അപകടം കൈയെത്തും ദൂരത്താണെന്ന പരാതിയും ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞു. മറ്റ് പലയിടങ്ങളിലെയും പോലെ ഈ മേഖലയിൽ കെ.എസ്.ഇ.ബി കേബിൾ ഇടണമെന്ന ആവശ്യവും ശക്തമാണ്.