g-r-anil

നെടുമങ്ങാട്: വട്ടപ്പാറ സി​.ഐയായിരുന്ന ഗിരിലാലുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ താൻ കുറ്റക്കാരനാണെങ്കിൽ അതേറ്റെടുക്കാൻ തയ്യാറാണെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരകുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ വിളവെടുപ്പ് ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് മാദ്ധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത്.ഒരു മോശം കാര്യം നടത്തിയ ഒരാളെ രക്ഷപ്പെടുത്താനോ, രാഷ്ട്രീയ വിഷയത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനോ വേണ്ടിയല്ല സി.ഐയെ വിളിച്ചത്. ഒരു വീട്ടമ്മ അവരുടെ രണ്ടു കുഞ്ഞുങ്ങളെ ഇന്നു രാത്രി അവരുടെ രണ്ടാം ഭർത്താവ് കൊല്ലുമെന്ന് വേദനയോടെ പറയുമ്പോൾ ഒരു ജനപ്രതിനിധിയെന്ന നിലയിൽ താൻ ഇടപെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നതിനു പകരം പെട്ടെന്ന് നടപടിയുണ്ടാകട്ടെയെന്ന് കരുതിയാണ് ബന്ധപ്പെട്ട സ്റ്റേഷനിലെ സി.ഐയെ വിളിച്ചത്. സംഭാഷണത്തിന്റെ തുടക്കം മുതൽ ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.