വർക്കല: എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമിയുംസംയുക്തമായി ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും 18-ാം വാർഷിക ആഘോഷവും 28ന് വർക്കല മൈതാനം വർഷ മേഘ കൺവെൻഷൻ സെന്ററിൽ നടക്കും.എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷൻ സംഗീത രത്ന പുരസ്കാരം വയലിനിസ്റ്റ് എസ്.ആർ. രാജശ്രീക്കും, സംഗീത പുരസ്കാരം സംഗീതജ്ഞനും വോക്കോ വയലിനിസ്റ്റും ദൂരദർശൻ തൃശൂർ, കോഴിക്കോട് നിലയങ്ങളിലെ മുൻമേധാവിയുമായ കെ. ആനന്ദവർമ്മയ്ക്കും. ചലച്ചിത്രരത്ന പുരസ്കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കും, ചലച്ചിത്ര പുരസ്കാരം നടി ലക്ഷ്മിഗോപാലസ്വാമിക്കും, എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷൻ അവാർഡ് ജൂറി ചെയർമാനും ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന അന്തരിച്ച മുൻ ചീഫ് സെക്രട്ടറി സി.പി നായരുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ സി.പി നായർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറിനും, എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷൻ മാദ്ധ്യമ പുരസ്കാരം കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമനും, ദൃശ്യമാദ്ധ്യമ പുരസ്കാരം 24 ന്യൂസ് ചാനലിലെ സുജയ്യ പാർവതിക്കും നൽകും. നാടകാചാര്യൻ ഒ.മാധവന്റെ സ്മരണയ്ക്കായി ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഒ.മാധവൻ പുരസ്കാരം നാടക നടി സിസിലി ജോയിക്കും, യുവ സംഗീത പുരസ്കാരം ഗായിക സോണിയ ആമോദിനും, സ്പെഷ്യൽ ജൂറി പുരസ്കാരം നർത്തകി താരാ കല്യാണിനും നൽകും. ഡോ. പി.ചന്ദ്രമോഹൻ (മുൻ വൈസ് ചാൻസലർ കണ്ണൂർ യൂണിവേഴ്സിറ്റി),ഡോ.എം.ജയപ്രകാശ് (മുൻ സി.ഡി.സി ഡയറക്ടർ കേരള യൂണിവേഴ്സിറ്റി), സംഗീതജ്ഞയും സിനിമാതാരവുമായ ആർ. സുബ്ബലക്ഷ്മി, സന്ധ്യാ രാജേന്ദ്രൻ, വിജയകുമാരി മാധവൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

28ന് വൈകിട്ട് 4ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും പുരസ്കാര ചടങ്ങും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 18-ാം വാർഷികാഘോഷം കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും നിലവിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തും. ഡോ.പി.ചന്ദ്രമോഹൻ എം.എസ്. സുബ്ബുലക്ഷ്മി അനുസ്മരണവും ഡോ.എം.ജയപ്രകാശ് സി.പി.നായർ അനുസ്മരണ പ്രഭാഷണവും നടത്തും. വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, വർക്കല മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അഡ്വ.ആർ. അനിൽകുമാർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.എം. ബഷീർ,ആർ.സുബ്ബലക്ഷ്മി, സന്ധ്യാ രാജേന്ദ്രൻ, ഡോ.എം.ജയരാജു,അഡ്വ.എസ്.കൃഷ്ണകുമാർ, ബി.ജോഷി ബാസു എന്നിവർ സംസാരിക്കും. ഡോ.പി.ചന്ദ്രമോഹൻ,ഡോ. എം.ജയപ്രകാശ്,അഡ്വ.എസ്. കൃഷ്ണകുമാർ,ബി. ജോഷി ബാസു,പി.രവീന്ദ്രൻ നായർ,ജി.അശോകൻ, ബി.സുരേന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.