ch

തിരുവനന്തപുരം: കൊവിഡ് വെല്ലുവിളി മാറിയെങ്കിലും ചുമയോടുകൂടിയ വൈറൽ ഇൻഫെക്ഷൻ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ നിലനിൽക്കുന്നുവെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. എസ്.എ.ടിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, മെഡിക്കൽ കോളേജിൽ ഇ ഹെൽത്ത് ഓൺലൈൻ ലാബ് റിപ്പോർട്ടിംഗ്, നവീകരിച്ച പ്രവേശന കവാടം, എമർജൻസി വിഭാഗത്തിലെ നിരീക്ഷണ കാമറ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ്.എ.ടി ആശുപത്രി നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുട്ടികൾക്ക് തീവ്ര പരിചരണത്തിന് മതിയായ കിടക്കയില്ലാതിരുന്നത്.

മാതാപിതാക്കളുടെ പ്രയാസവും സ്വകാര്യ ആശുപത്രികളിൽ പോകുമ്പോഴുള്ള സാമ്പത്തിക ബാദ്ധ്യതയും മനസിലാക്കിയാണ് 32 ഐ.സി.യു കിടക്കകൾ സജ്ജമാക്കിയത്. മുൻപ് പീഡിയാട്രിക് ഐ.സി.യുവിൽ 18 കിടക്കകളായിരുന്നു ഉണ്ടായത്. അതാണ് 50 ആക്കിയതെന്നും മന്ത്രി വ്യക്തമാക്കി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ആർ.അനിൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കലാകേശവൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.നിസാറുദീൻ,എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.