
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യമേഖലയുടെ അഭിമാനമായ മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുമാസം നീണ്ടുനിൽക്കുന്ന ആഘോഷം ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.കോളേജ് ഓഡിറ്റോറിയത്തിലും പുറത്തുള്ള മൂന്നിലേറെ വേദിയിലുമാണ് ആഘോഷ പരിപാടികളും ആഗോള ആരോഗ്യ വിദഗ്ദ്ധരുടെ സമ്മേളനവും നടക്കുന്നത്. 27ന് വൈറോളജി വിഷയത്തിൽ വൈറോളജി വിദഗ്ദ്ധൻ പ്രൊഫ. റോബർട് ഗാലോ മുഖ്യപ്രഭാഷണം നടത്തും. ഡോ. സി.എസ് പിച്ചുമണി പ്ലാറ്റിനം ജൂബിലി പ്രഭാഷണം നടത്തും. 28ന് സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഇന്ദു മൽഹോത്ര മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു,ഡോ.ശശി തരൂർ എം.പി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പൂർവ വിദ്യാർത്ഥിയായ ഡോ.രവീന്ദ്രനാഥൻ 80 ലക്ഷം രൂപ മുടക്കി നിർമ്മിച്ച നോളജ് സെന്റർ,ആർ.സി.സി,സി.ഡി.സി മെഡിക്കൽ കോളേജ് ശ്രീചിത്ര എന്നിവിടങ്ങളിൽ ചികിത്സയ്ക്കായെത്തുന്ന കുട്ടികൾക്ക് ചികിത്സാ, സാമ്പത്തിക സഹായങ്ങൾ നൽകുന്ന തളിര് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടക്കും.
കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ അലുമിനിയുടെ നേതൃത്വത്തിൽ കേരള ആരോഗ്യ സർവകലാശാല,ആർ.സി.സി,ഗവ. ഡെന്റൽ കോളേജ്,ഗവ.നഴ്‌സിംഗ് കോളേജ്, ശ്രീചിത്ര മെഡിക്കൽ സയൻസസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ഘടകം കോളേജ് യൂണിയൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.