തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ തുടർച്ചയായ പത്താംദിവസവും മത്സ്യത്തൊഴിലാളികളുടെ കനത്ത പ്രതിഷേധം. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ബാരിക്കേഡുകൾ മറികടന്ന് പദ്ധതി പ്രദേശത്ത് കൊടിനാട്ടി. ഒന്നും രണ്ടും നിര പൊലീസ് പ്രതിരോധം ഭേദിച്ചാണ് മത്സ്യത്തൊഴിലാളികൾ ഇന്നലെയും തുറമുഖ കവാടത്തിനുള്ളിലേക്ക് കടന്നത്. വലിയവേളി, കൊച്ചുവേളി, വെട്ടുകാട്, പാളയം ഇടവകകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച മുതൽ കടൽ ഉപരോധം ഉൾപ്പെടെ സമരം ശക്തമാക്കാനാണ് നീക്കം.