
തിരുവനന്തപുരം: കിംസ് ഹെൽത്തിലെ സെന്റർ ഫോർ കോംപ്രഹെൻസീവ് ലിവർ കെയർ സംഘടിപ്പിക്കുന്ന ഹെപ്‌കോൺ അന്താരാഷ്‌ട്ര മെഡിക്കൽ സമ്മേളനം ആഗസറ്റ് 27, 28 തീയതികളിൽ തിരുവനന്തപുരം പൂവാർ ഐലന്റ് റിസോർട്ടിൽ നടക്കുമെന്ന് കിംസ് ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. രാവിലെ 11.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളിൽ 35 വിഷയങ്ങളിൽ പാനൽ ചർച്ചയും സെമിനാറും നടക്കും. കരളിൽ കാൻസർ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സയും പരിരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുകയാണ് ഹെപ്‌കോണിന്റെ ലക്ഷ്യം. അറുപതോളം വിദഗ്ദ്ധ ഡോക്‌ടർമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇംഗ്ലണ്ടിലെ അഡെൻബ്രൂക്‌സ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. പോൾ ഗിബ്‌സ്, അമേരിക്കയിലെ ബോസ്റ്റൺ മസാച്ചുസെറ്റസ് ജനറൽ ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷണർ റേഡിയോളജിസ്റ്റ് ഡോ. സഞ്ജീവ് കൽവ, ഡോ. എസ്.കെ. സരിൻ, ഡോ. സുഭാഷ് ഗുപ്‌ത, ഡോ. ധർമേഷ് കപൂർ, കിംസ് ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ ഡോ. എം.ഐ. സഹദുള്ള തുടങ്ങി അന്തർദേശീയ, ദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഡോക്‌ടർമാർ പങ്കെടുക്കും. കിംസ് ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഇ.എം. നജീബ്, എച്ച്.പി.ബി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ആൻഡ് കോഓർഡിനേറ്റർ ഡോ. ഷബീർ അലി, ഗ്യാസ്‌ട്രോ എൻട്രോളജി സീനിയർ കൺസൾട്ടന്റുമാരായ ഡോ. മധു ശശിധരൻ, ഡോ. ഹരീഷ് കരീം, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജയപ്രകാശ് മാധവൻ, ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.