metro

തിരുവനന്തപുരം: കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സ്വകാര്യപങ്കാളിത്തം കൂടി ഉൾപ്പെടുത്തി (പി.പി.പി മോഡൽ) തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതിരേഖ പുതുക്കും. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ളതാണ് കേന്ദ്രസർക്കാരിന്റെ മെട്രോനയം. ഇതനുസരിച്ച് പദ്ധതി പുതുക്കിനിശ്ചയിച്ച് കേന്ദ്രാനുമതി നേടിയെടുക്കാനും പാലങ്ങളടക്കം അനുബന്ധ നിർമ്മാണം നടത്താനും കൊച്ചി മെട്രോ കോർപ്പറേഷനെ സർക്കാർ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് മെട്രോ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്ക് നേരത്തേ ഉറപ്പുനൽകിയിരുന്നു.

രണ്ട് മെട്രോയ്ക്കും കൂടി ടിക്കറ്റ് വിതരണം, എലിവേറ്റർ, ലിഫ്‌റ്റ് എന്നിവയിൽ മാത്രം 213കോടിയുടെ സ്വകാര്യനിക്ഷേപം മതിയെന്നായിരുന്നു സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം, സ്വകാര്യനിക്ഷേപം, ദീർഘകാല വിദേശവായ്പ എന്നിങ്ങനെ പണം സമാഹരിക്കാനായിരുന്നു പദ്ധതി. പുതിയ കേന്ദ്രനയത്തോടെ സ്വകാര്യനിക്ഷേപം ഉയർത്തേണ്ടിവരും. ഭൂമിയേറ്റെടുക്കലിനടക്കം സംസ്ഥാനം മുടക്കേണ്ടത് 2178 കോടിയാണ്.

പൊതുഗതാഗത സംവിധാനങ്ങൾ മെട്രോയ്ക്കൊപ്പം ചേർക്കാൻ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി രൂപീകരിച്ചശേഷമാവും കേന്ദ്രാനുമതിക്കായി അപേക്ഷിക്കുക. വിദേശവായ്പയെടുക്കാൻ കേന്ദ്രത്തിന്റെ ഗ്യാരന്റിയും നേടിയെടുക്കണം.

നടപടികൾ ഇതുവരെ

 ഡിപ്പോയ്ക്കും യാർഡിനുമായി കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥലമെടുത്തു

 പട്ടം, ഉള്ളൂർ, ശ്രീകാര്യം ഓവർബ്രിഡ്ജുകൾക്ക് സ്ഥലമെടുപ്പ് തുടങ്ങി

 തമ്പാനൂരിൽ മൂന്നുനില മേൽപ്പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചു

ട്രിവാൻഡ്രം മെട്രോ
 റൂട്ട്: ടെക്നോസിറ്റി-കരമന
 ദൂരം: 21.48 കിലോമീറ്റർ
 ചെലവ്: 4673കോടി

കോഴിക്കോട് മെട്രോ

 റൂട്ട്: മെഡി.കോളേജ്-മീഞ്ചന്ത
 ദൂരം: 13.3 കിലോമീറ്റർ
 ചെലവ്: 2773കോടി

മെട്രോ നിയോ

 തൂണുകൾക്ക് മുകളിലൂടെയും റോഡിലൂടെയും ഓടിക്കാവുന്ന ട്രെയിനായ നിയോയാണ് ചെറുനഗരങ്ങൾക്കെല്ലാം കേന്ദ്രം അനുവദിക്കുന്നത്. ലൈറ്റ്മെട്രോയുടെ പരിഷ്‌കരിച്ച രൂപമാണ് നിയോ.

 ഇരുമ്പുചക്രത്തിനു പകരം നിയോയ്ക്ക് ടയറാണ്. 12 മീറ്റർ എ.സി കോച്ചുകൾ മൂന്നെണ്ണമുണ്ടാവും. ഒരെണ്ണത്തിൽ 70 യാത്രക്കാർ. തൂണിനുമുകളിലൂടെ പാതയ്ക്ക് കിലോമീറ്ററിന് 170 കോടിയാണ് ചെലവ്. ലൈറ്റ്മെട്രോയ്ക്ക് 300 കോടിയാവും.

 യൂറോപ്യൻ നഗരങ്ങളിൽ നിയോ പൊതുഗതാഗതത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. ബാറ്ററി ഉപയോഗിച്ചും ഓടിക്കാം,​ 20 കിലോമീറ്റർ വരെ.

''പദ്ധതിരേഖ എട്ടുമാസത്തിനകം പുതുക്കും. വേഗത്തിൽ കേന്ദ്രാനുമതി നേടിയെടുക്കും. വിദേശവായ്പയടക്കം ശ്രമം തുടങ്ങും.""

-ലോക്നാഥ്ബെഹ്റ‌

എം.ഡി, കൊച്ചിമെട്രോ