chala

തിരുവനന്തപുരം: ഏറെ ചരിത്ര പ്രാധാന്യമുള്ള ചാല ഗവ. ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നലെ മറ്റൊരു ചരിത്ര നിമിഷത്തിനുകൂടി സാക്ഷ്യംവഹിച്ചു. നാല് ദശാബ്ദത്തിന്റെ ഇടവേളയ്‌ക്കു ശേഷം തങ്ങളുടെ സ്കൂളിലെത്തിയ പെൺകുട്ടികളെ കൈയടിച്ച് സ്വീകരിച്ച് ആൺകുട്ടികൾ. ഇന്നലെ പ്ളസ് വൺ പ്രവേശനോത്സവത്തിൽ ചാല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കണ്ട ഏറ്റവും മനോഹര കാഴ്ച. സയൻസ് ബാച്ചിൽ 10,​ ഹ്യുമാനിറ്റീസിൽ രണ്ടുമായി 12 പെൺ കുട്ടികളാണ് ചാല സ്കൂളിൽ പ്രവേശനം നേടിയത്. ഇവരുൾപ്പെടെയുള്ള 140 പ്ളസ് വൺ വിദ്യാർത്ഥികളെ മന്ത്രി ആന്റണി രാജു സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കഴിഞ്ഞ പ്ളസ് വൺ, പ്ളസ് ടു ക്ളാസുകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോയും കാഷ് അവാർഡും നൽകി. സ്‌കൂളിന്റെ ചരിത്ര നിമിഷമാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്ലസ് വൺ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ പെൺകുട്ടികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്ക് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം ഫലവൃക്ഷത്തൈ വിതരണം ചെയ്തു. കുട്ടികൾ അത് സ്കൂൾ പരിസരത്ത് നട്ടു. വലിയശാല വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി. സതീഷ് കുമാർ, തണൽ പ്രോഗ്രാം കോഓർഡിനേറ്റർ ജിഷ്ണു എം, എസ്.എം.സി ചെയർമാൻ ജെ.കെ. സേതുമാധവൻ, എം.പി.ടി.എ പ്രസിഡന്റ് മീര വി. നായർ, സ്കൂൾ പ്രിൻസിപ്പൽ ഫെലീഷ്യ ചന്ദ്രശേഖരൻ, എച്ച്.എം ബി.എസ്. സിന്ധു, സ്റ്റാഫ് സെക്രട്ടറി വീണ ആർ. തുടങ്ങിയവർ പങ്കെടുത്തു.