
കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിപക്ഷ മെമ്പർമാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമാണ്. പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്താതായതോടെ തെരുവ് നായ്ക്കളുടെയും ഇഴ ജന്തുക്കളുടെയും ശല്യം രൂക്ഷമായി. കൂടാതെ മോഷണവും പിടിച്ചുപറിയും മാലിന്യ നിക്ഷേപവും പെരുകി. നിരവധി തവണ നാട്ടുകാർ സംഭവം പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാരും സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ബി.ജെ.പി മെമ്പർമാരുടെ പ്രതിഷേധം പഞ്ചായത്ത് ഓഫീസിന് മുന്നിലും തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ഹാളിനകത്തും നടന്നു. പാർലമെന്ററി പാർട്ടി ലീഡർ പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ നാവായിക്കുളം അശോകൻ, കുമാർ.ജി, അരുൺകുമാർ.എസ്, ജിഷ്ണു എസ്.ഗോവിന്ദ് എന്നിവർ പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ 17 ന് കൂടിയ അടിയന്തര കമ്മിറ്റിയും ബി.ജെ.പി മെമ്പർമാർ ബഹിഷ്കരിച്ചിരുന്നു. അടിയന്തരമായി പഞ്ചായത്തിലെ മുഴുവൻ തെരുവ് വിളക്കുകളും കത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാരും മുന്നറിയിപ്പ് നൽകി.
നടപടിവേണം
തെരുവ് വിളക്കുകൾ കത്താതായതോടെ കഴിഞ്ഞ 6 മാസത്തിനുള്ളിൽ 30 ഓളം പേർക്ക് തെരുവ്നായ്ക്കളുടെ കടിയും 8 പേർക്ക് ഇഴജന്തുക്കളുടെ കടിയുമേറ്റു. റോഡിനിരുവശവും കാടുമൂടിക്കിടന്ന ഓടകളിൽ വീണ് 9 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇരുട്ടിന്റെ മറവിൽ 11 ഓളം വീടുകളിൽ നിന്ന് റബർ ഷീറ്റുകൾ മോഷണം പോയി. കടകൾ കുത്തിത്തുറന്ന് മോഷണവും മോഷണ ശ്രമവും നടന്നു. പഞ്ചായത്ത് പ്രദേശം മുഴുവൻ കൂരിരുട്ടിലായത് പ്രഭാത സവാരിക്കാർക്കും പത്ര വിതരണക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അടിയന്തരമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടു.