photo

പാലോട്: ഭൂപ്രശ്നങ്ങളിൽ ശരിയായ ഇടപെടൽ നടത്തി അർഹരായവരെ എൽ.ഡി.എഫ് സർക്കാർ ഭൂമിക്ക് അവകാശികളാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ചെറ്റച്ചൽ സമരഭൂമിയിലെ 33 കുടുംബങ്ങൾക്ക് പട്ടയവും - വനാവകാശ രേഖയും നൽകുകയായിരുന്നു മന്ത്രി.2010 മുതൽ പട്ടയത്തിനായും ഉടമസ്ഥാവകാശത്തിനായും അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി അർഹരായവർക്ക് 6 മാസത്തിനുള്ളിൽ ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 19 വർഷമായി ചെറ്റച്ചൽ ഫാമിന്റെ ഉടമസ്ഥതയിലുള്ള 28 ഏക്കർ സ്ഥലത്ത് കുടിൽ കെട്ടി സമരം ചെയ്തവർക്കാണ് പട്ടയം നൽകിയത്. കൂടാതെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പാങ്കാവ് പട്ടികവർഗ സങ്കേതത്തിലെ 95 കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖയും,പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ വീരണക്കാവ് വില്ലേജിലെ 9 കുടുംബങ്ങൾക്ക് പട്ടയവും വിതരണം ചെയ്തു. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷനായി.മന്ത്രിമാരായ അഡ്വ.ജി.ആർ.അനിൽ,അഡ്വ.ആന്റണി രാജു എന്നിവർ കൈവശാവകാശരേഖയും പട്ടയവും വിതരണം ചെയ്തു.ചെറ്റച്ചൽ ഭൂസമരസ്മരണിക ഡി.കെ.മുരളി എം.എൽ.എ പ്രകാശനം ചെയ്തു.ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,പട്ടികവർഗ വികസന വകുപ്പ് സംസ്ഥാന ഉപദേശക സമിതി അംഗം ബി.വിദ്യാധരൻ കാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഇന്ദുലേഖ, ജി.കോമളം, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എസ്.ബാബുരാജ്, ജി.മണികണ്ഠൻ, ടി.സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.