
പാലോട്: ജില്ലയിൽ പൊതു വിപണികളിൽ പുതുചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഗ്രാമീണ മേഖലയിലെ കർഷകർ. ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികളാണ് ഇക്കുറി ഓണവിപണിയിലെ താരം. നന്ദിയോട്, ആനാട്, പെരിങ്ങമ്മല, പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ പച്ചക്കറിയുടെ മായാപ്രപഞ്ചമാണ് ഒരുക്കിയിട്ടുള്ളത്. പവ്വത്തൂർ ശ്രീജിത്ത്, തോട്ടുംപുറം ബാലകൃഷ്ണൻ, പേരയം സന്തോഷ്, ആനകുളം ഗീത, തോട്ടുംപുറം ബാലകൃഷ്ണൻ, ചോനൻവിള സെൽവരാജ് തുടങ്ങി നൂറോളം കർഷകർ ഇതിനായി ചുക്കാൻ പിടിക്കുന്നു. പയർ, ചീര, വെണ്ട, വഴുതന, പാവൽ, പുതിന, മല്ലിയില, ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ എല്ലാ പച്ചക്കറികളും ടൺ കണക്കിന് ഓണവില്പനയ്ക്കായി എത്തിച്ചേരും. പൊതു വിപണിയെക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് പച്ചക്കറികൾ വിപണിയിലെത്തുക. കപ്പ, പാളയംകോടൻ, ഏത്തൻ, രസകദളി തുടങ്ങിയ കുലവർഗങ്ങളും പൊതുവിപണിയിൽ എത്തിച്ചിട്ടുണ്ട്. അൻപത് ഹെക്ടറോളം സ്ഥലത്താണ് ജൈവകൃഷി ചെയ്തത്. സർക്കാർ നടപ്പിലാക്കിയ ഒരു മുറം പച്ചക്കറി പദ്ധതിയുമായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും, കൃഷിക്കായി സ്ഥലമില്ലാത്തവർ വീടുകളിലെ മട്ടുപ്പാവിലും കൃഷി ചെയ്തതിനാൽ അന്യസംസ്ഥാന പച്ചക്കറിക്ക് ഇപ്പോൾ ആവശ്യക്കാരില്ലാതായി. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ നൂറുമേനി വിളവാണ് കർഷകർ കൊയ്തെടുത്തത്.
പ്രിയമേറും കപ്പ
മലയോര കർഷകന്റെ പ്രധാന വരുമാന സ്രോതസ്സായ മരച്ചീനിക്ക് ഇത് സുവർണ്ണകാലം. പച്ചമരച്ചീനിക്ക് 20-22 രൂപയുണ്ടായിരുന്നത് ഇപ്പോൾ 50-55 നിരക്കിലാണ് വിപണിയിൽ ലഭ്യമാകുന്നത്. കുറഞ്ഞ പരിചരണം മതിയെന്നതാണ് കപ്പ കൃഷിയെ പ്രിയങ്കരമാക്കുന്നത്. മലയൻ, റൊട്ടിക്കപ്പ, ഏത്തക്കപ്പ, പതിനെട്ട്, പുല്ലാനി കപ്പ, ആമ്പക്കാടൻ, ആന മറവൻ, കട്ടൻ കപ്പ എന്നിവയാണ് പ്രധാനപ്പെട്ട കപ്പ ഇനങ്ങൾ.
വില്ലനായ് കാട്ടുമൃഗങ്ങൾ
കർഷകരുടെ ഏറ്റവും പേടിസ്വപ്നം കാട്ടുമൃഗശല്യമാണ്. പന്നി, ആന, മ്ലാവ്, കുരങ്ങ് തുടങ്ങിയവ കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. രാത്രിയും പകലും കർഷകർ പൂർണ്ണമായും അവരുടെ കൃഷിയിടങ്ങളിൽ താത്കാലിക ഷെഡ് നിർമ്മിച്ച് സംരക്ഷണമൊരുക്കുമെങ്കിലും കൂട്ടമായെത്തുന്ന വന്യമൃഗങ്ങളെ തുരത്തുക അസാദ്ധ്യമാണ്.