
പൂവാർ: തീരദേശ മേഖലയിലെ പഴക്കമേറിയ പ്രധാന മാർക്കറ്റുകളിലൊന്നായ കാഞ്ഞിരംകുളം മാർക്കറ്റ് നവീകരണം വൈകുന്നു. മാർക്കറ്റിന് മേൽക്കൂര വേണമെന്ന നാട്ടുകാരുടെ ആവശ്യവും പഴങ്കഥയായി തുടരുന്നു. മാർക്കറ്റിനുള്ളിലെ മത്സ്യത്തിന്റെയും മാംസത്തിന്റെയും ദുർഗ്ഗന്ധമാണ്. അഴുക്കു ചാലുകൾക്കും മൂടിയോ സുരക്ഷിതമായ മാലിന്യ സംസ്കരണമോ ഇല്ല. വലിയ കെട്ടിടങ്ങൾക്കു നടുവിൽ ഇടുങ്ങിയ സ്ഥലത്ത്, ശുദ്ധവായുവോ ആവശ്യത്തിന് വെളിച്ചമോ ഇല്ല. കച്ചവടക്കാർ പൊക്കത്തിൽ വലിച്ചുകെട്ടിയ ടാർപോളിനുകൾക്കു കീഴിലാണ് കച്ചവടം നടത്തുന്നത്. സാധനങ്ങൾ വാങ്ങാനും വിൽക്കാനും എത്തുന്നവർക്ക് നിന്നുതിരിയാൻ ഇടമില്ല. ഇതാണ് കാഞ്ഞിരംകുളം പൊതു മാർക്കറ്റിന്റെ അകക്കാഴ്ച.
പഴക്കമേറിയ മാർക്കറ്റ്
വളരെ പഴക്കമേറിയതാണ് കാഞ്ഞിരംകുളം മാർക്കറ്റ്. നിത്യസഹായ മാതാ ദേവാലയം ഒരേക്കർ വരുന്ന ഭൂമി ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് മാർക്കറ്റ് പ്രവർത്തിച്ചുവരുന്നത്. ഇപ്പോഴത് 50 സെന്റ് പോലും വരില്ലത്രെ. നെയ്യാറ്റിൻകര, ബാലരാമപുരം, കോട്ടുകാൽ, കരുംകുളം, പൂവാർ, തിരുപുറം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുവരെ ആൾക്കാർ ഈ ചന്തയിൽ എത്തുമായിരുന്നു.
ഉപയോഗിക്കാതെ കെട്ടിടങ്ങൾ
1990കളിലാണ് ആദ്യമായി മാർക്കറ്റിംഗ് കോംപ്ലക്സ് സ്ഥാപിച്ചത്. 1994ൽ വാട്ടർ അതോറിട്ടിയുടെ കാഞ്ഞിരംകുളം സബ് ഡിവിഷൻ ഓഫീസിനു വേണ്ടി രണ്ടാം നിലയും നിർമ്മിച്ചു. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി കേരള യൂണിവേഴ്സിറ്റിയുടെ കാഞ്ഞിരംകുളം സെന്ററായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ കോഴ്സുകൾ നടത്തുന്നു. 2001-ൽ വനിതാ വിപണന കേന്ദ്രം തുടങ്ങിയെങ്കിലും പ്രാവർത്തികമായില്ല. മാർക്കറ്റിനുള്ളിൽ 5 ലക്ഷം രൂപ എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഷെഡ് കച്ചവടക്കാർ ഉപയോഗിക്കാറേയില്ല. പത്തോളം വരുന്ന ഇറച്ചി വില്പന സ്റ്റാളുകൾ ഈ കെട്ടിടത്തോട് ചേർന്ന് പ്രവർത്തിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
കഴിഞ്ഞ കാലങ്ങളിൽ ഓരോ സാമ്പത്തിക വർഷത്തിലും ടാക്സ് ഉൾപ്പെടെ 12 ലക്ഷത്തോളം രൂപയ്ക്കാണ് മാർക്കറ്റ് ലേലം നടന്നിരുന്നത്. മാർക്കറ്റിനുള്ളിലെ നിലവിലെ കെട്ടിടങ്ങൾ നിലനിറുത്തിയുള്ള വികസനമാണ് തയ്യാറാക്കുന്നത് എന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.