photo

പാലോട്: പെരിങ്ങമ്മലയിലെ പാടശേഖരത്തിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിച്ചു. അൻപതിനായിരത്തോളം രൂപയുടെ കൃഷിനാശമാണ് കർഷകർക്കുണ്ടായത്. 8 ഏക്കർ സ്ഥലത്ത് 45 കർഷകർ ചേർന്ന് ഇക്കഴിഞ്ഞ മേയിലാണ് നെൽക്കൃഷി ആരംഭിച്ചത്. ഓണം പ്രമാണിച്ച് വിളവെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ കാട്ടുപന്നിയെ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പഞ്ചായത്തിന്റെ അനുമതി കൂടിയുണ്ടെങ്കിലേ വെടിവയ്ക്കാൻ കഴിയൂ എന്നുമാണ് മറുപടി ലഭിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യം ഉന്നയിച്ചപ്പോൾ പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയോടെയേ പന്നിയെ വെടിവയ്ക്കാൻ അനുമതി നൽകൂ എന്നാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രിയും പന്നിയിറങ്ങി വിള നശിപ്പിച്ചതോടെ പാകമാകാത്ത നെല്ല് ഉൾപ്പെടെ കർഷകർ‌ വിളവെടുക്കാൻ തീരുമാനിച്ചു. വിളകൾക്ക് ഇൻഷ്വറൻസ് അപേക്ഷ നൽകിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായില്ലെന്ന് കൃഷി ഉദ്യോഗസ്ഥർ അറിയിച്ചതായി കർഷകർ പറഞ്ഞു.15 ലക്ഷം രൂപ ചെലവഴിച്ച് ഫെൻസിംഗ് നിർമ്മിച്ചിട്ടും പന്നി ശല്യത്തിന് അറുതി വരുത്താനായിട്ടില്ല.