
തദ്ദേശസ്ഥാപനങ്ങളുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ചെലവ് നേരിടാനായി കെട്ടിടനികുതി കൂട്ടാനൊരുങ്ങുകയാണ്. അടുത്ത വർഷം ഏപ്രിൽ മുതൽ നിലവിലെ കെട്ടിടനികുതി നിരക്കിന്റെ അഞ്ചുശതമാനം വർദ്ധന വരുത്താനുള്ള നിർദ്ദേശം സർക്കാർ അംഗീകരിച്ചുകഴിഞ്ഞു. കെട്ടിടനികുതിയുടെ പത്തുശതമാനം വരുന്ന തുക സേവന നികുതിയായും ഈടാക്കും. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് ഈ വർദ്ധന. സേവനനികുതി പതിനഞ്ചു ശതമാനമായി ഉയർത്തണമെന്നായിരുന്നു കമ്മിഷൻ ശുപാർശ. ഔദാര്യമെന്ന നിലയ്ക്ക് അത് പത്തുശതമാനം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. വർദ്ധന അഞ്ചുശതമാനമല്ലേയുള്ളൂ എന്നോർത്ത് ആരും സമാധാനിക്കേണ്ട. ഓരോ വർഷവും അഞ്ചുശതമാനമെന്ന തോതിൽ കെട്ടിടനികുതി ഉയർന്നുകൊണ്ടേയിരിക്കും. അഞ്ചുവർഷമാകുമ്പോഴേക്കും ഇപ്പോഴത്തെ നിരക്കിന്റെ അൻപതു ശതമാനമാകും. പത്തുവർഷമാകുമ്പോൾ നേരെ ഇരട്ടിയും. ജനത്തെ യാതൊരു കരുണയുമില്ലാതെ പിഴിയുക മാത്രമല്ല തദ്ദേശസ്ഥാപനങ്ങൾ പരിധിയിൽ വരുന്ന മറ്റുനികുതികളും നിരന്തരം വർദ്ധിപ്പിക്കുന്നുണ്ട്. സർക്കാർവക നികുതി പിരിവുകൾ വേറെയും. എല്ലാംകൂടി നോക്കുമ്പോൾ നികുതിഭാരംകൊണ്ടു വലയുന്ന സാധാരണക്കാരന്റെ മുതുക് ഒന്നുകൂടി വളയുമെന്നു തീർച്ച.
തദ്ദേശസ്ഥാപനങ്ങളായാലും സർക്കാരായാലും നികുതികൾ വർദ്ധിപ്പിക്കുമ്പോൾ ജനങ്ങൾക്കു ലഭ്യമാകേണ്ട സേവനങ്ങൾ കൂടി മെച്ചപ്പെടുത്തേണ്ട പ്രാഥമിക കടമയുണ്ട്. നിർഭാഗ്യവശാൽ അങ്ങോട്ടു ചെല്ലേണ്ട നികുതികളുടെ കാര്യത്തിൽ മാത്രമേ കാർക്കശ്യമുള്ളൂ. സേവനം ഏതാണ്ടു പഴയപടി തന്നെ. ജീവനക്കാർക്കു അഞ്ചുവർഷം കൂടുമ്പോൾ ശമ്പളപരിഷ്കരണം ഉറപ്പാണ്. മാന്യമായ ശമ്പളം ലഭിക്കുമ്പോഴും പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിൽ തടസങ്ങളും കാലതാമസവും പതിവാണ്. ഉയർന്നശമ്പളം ലഭിച്ചിട്ടും സേവനംതേടുന്നവരോടു കണക്കുപറഞ്ഞു കൈക്കൂലി വാങ്ങുന്നവരും ധാരാളം.
തദ്ദേശസ്ഥാപനങ്ങൾ ആണ്ടുതോറും കെട്ടിടനികുതി വർദ്ധിപ്പിക്കുന്നതുകൊണ്ടുമാത്രം എല്ലാം ശരിയാകുമെന്നു കരുതരുത്. കിട്ടാവുന്ന നികുതികളെല്ലാം കൃത്യമായി പിരിച്ചെടുക്കാൻ കഴിയാത്തതാണ് ഇപ്പോൾ തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന പ്രധാനപ്രശ്നം. കെട്ടിടനികുതിയിൽ നല്ലൊരുഭാഗം പിരിച്ചെടുക്കാൻ താത്‌പര്യം കാണിക്കാറുണ്ട്. വളരെവലിയ തുക വരുമെന്നതിനാൽ താരതമ്യേന ഈ പിരിവ് വലിയ ആയാസമില്ലാതെ നടന്നുപോകും. എന്നാൽ മറ്റു പല നികുതികളുടെയും കാര്യത്തിൽ തികഞ്ഞ ഉദാസീനതയാണ് പൊതുവേ കാണാറുള്ളത്. കെട്ടിടനികുതി ഓരോ വർഷവും കൂട്ടുന്നതിന് പ്രത്യേകിച്ച് ന്യായീകരണമൊന്നുമില്ല. ഒരേ കെട്ടിടത്തിന് ആണ്ടുതോറും നികുതി കൂട്ടുന്നതാകട്ടെ ഒരു കണക്കിൽ അധാർമ്മികവുമാണ്. നിർമ്മാണം പൂർത്തിയായ ഘട്ടത്തിൽ ഒറ്റത്തവണ നികുതിയും സെസുമൊക്കെ ഈടാക്കാറുണ്ട്. പുറമേയാണ് ഓരോ വർഷവും കെട്ടിടത്തിന്റെ തരമനുസരിച്ചുള്ള കെട്ടിടനികുതി അടച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങൾ കഴിയുമ്പോൾ ഏതു കെട്ടിടത്തിന്റെയും മൂല്യം ഇടിയുകയാണു ചെയ്യുന്നത്. അതനുസരിച്ച് നികുതി കുറയുന്നില്ലെന്നതു പോകട്ടെ പുതിയ ശുപാർശ പ്രകാരം എല്ലാ വർഷവും കൂടിക്കൊണ്ടുമിരിക്കും.
നിലവിലുള്ള നികുതികൾ വർദ്ധിപ്പിക്കുന്നതിനു പകരം പുതിയ നികുതി സ്രോതസുകൾ കണ്ടെത്താൻ ശ്രമമൊന്നുമില്ല. നികുതിദായകരുടെ ഭാരം കണക്കിലേറെയാകുന്നത് അതുകൊണ്ടാണ്. നാട്ടിൽ വികസനത്തിന്റെ മേഖലകൾ വിസ്തൃതമായാലേ നികുതി സ്രോതസുകളും വിപുലമാകൂ. പുത്തൻ വ്യവസായങ്ങൾക്കൊപ്പം ചെറുകിട യൂണിറ്റുകളും ധാരാളം വളർന്നുവരണം. വ്യാവസായിക വളർച്ചയാണ് ഏതൊരു നാടിന്റെയും പുരോഗതിക്കു അടിസ്ഥാനം. അതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും നികുതി വരുമാനവും ഉയർന്നുകൊണ്ടിരിക്കും. എല്ലാരംഗത്തെയും നികുതികൾ മുറതെറ്റാതെ പിരിച്ചെടുത്താൽത്തന്നെ ഓരോ വർഷവും അധിക നികുതി ചുമത്തേണ്ടിവരില്ല. അതുപോലെ സർക്കാർ നൽകുന്ന ബഡ്‌ജറ്റ് വിഹിതം കൃത്യമായി വിനിയോഗിക്കാനും കഴിയണം. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മാത്രമുള്ള പണമെല്ലാം എങ്ങനെയും ചെലവഴിച്ച് കണക്കൊപ്പിക്കുന്ന ഇപ്പോഴത്തെ ഏർപ്പാടും ഉപേക്ഷിക്കണം.