
തിരുവനന്തപുരം: കാട് കാക്കുന്ന പ്രൊട്ടക്ഷൻ വാച്ച്മാൻമാർക്ക് വീട് കാക്കാൻ നിവൃത്തിയില്ല. വനംവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആദിവാസികൾ അടക്കമുള്ള മൂവായിരത്തിലധികം
വനം പ്രൊട്ടക്ഷൻ വാച്ച്മാൻമാർക്ക് ഏഴുമാസത്തോളമായി വേതനം ലഭിക്കാത്തതാണ് ദുരവസ്ഥയ്ക്ക് കാരണം. ഇനിയും സർക്കാർ കനിഞ്ഞില്ലെങ്കിൽ കുഞ്ഞുങ്ങളടക്കമുള്ള കുടുംബം ഓണക്കാലത്ത് പട്ടിണിയാകുമെന്ന ആശങ്കയിലാണിവർ.
ദിവസം 700 രൂപയാണ് പ്രൊട്ടക്ഷൻ വാച്ച്മാൻമാരുടെ വേതനം. എന്നാൽ ഫണ്ടില്ലെന്ന് പറഞ്ഞ് ഈ തുച്ഛമായ തുക മാസങ്ങളായി നൽകാറില്ല.
കൊല്ലം സർക്കിളിലെ വാച്ച്മാൻമാർക്ക് ഏഴു മാസത്തെ വേതനം കിട്ടാനുണ്ട്. തിരുവനന്തപുരം നെയ്യാർ സർക്കിളിൽ മൂന്നു മാസത്തെ വേതനം ലഭിക്കാനുണ്ട്. മറ്റിടങ്ങിൽ അഞ്ചും ആറും മാസത്തെ വേതനം മുടങ്ങിയിരിക്കുകയാണ്.
വനം പ്രൊട്ടക്ഷൻ വാച്ച്മാൻമാരുടെ ജോലി മാസത്തിൽ 15 ദിവസമായി നിജപ്പെടുത്തണമെന്ന് രണ്ടു മാസം മുമ്പ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യം 'കേരളകൗമുദി " റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉത്തരവ് ഇറങ്ങിയില്ല.
ഫോറസ്റ്റ് പ്രൊട്ടക്ഷൻ ബഡ്ജറ്റ് വിഹിതത്തിൽ നിന്നാണ് വേതനം നൽകുന്നത്. പണമില്ലാത്തതാണ് വേതനം മുടങ്ങാൻ കാരണം. ഫണ്ട് കിട്ടുന്ന മുറയ്ക്ക് എല്ലാവർക്കും കൂലി നൽകുമെന്നാണ് അധികൃതരുടെ വാദം.
അന്നും ഇന്നും
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രൊട്ടക്ഷൻ വാച്ച്മാൻമാരുടെ ജോലി മാസത്തിൽ 26 ദിവസമാക്കി മിനിമം വേതനവും യൂണിഫോമും തിരിച്ചറിയൽ കാർഡും അപകട ഇൻഷ്വറൻസും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇവരെ പിരിച്ചുവിടാനാണ് സർക്കാരിന്റെ ശ്രമം. കോടതി ഇടപെടലിനെ തുടർന്ന്
താത്കാലികമായി നടപടികൾ നിറുത്തിവച്ചിരിക്കുകയാണ്.
പ്രൊട്ടക്ഷൻ വാച്ച്മാൻമാർക്ക് വേതനം നൽകാത്തത് തൊഴിലാളി വിരുദ്ധമാണ്. സർക്കാർ ഇത് തിരുത്തണം.-അഡ്വ. കള്ളിക്കാട് ചന്ദ്രൻ
ജനറൽ സെക്രട്ടറി
കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി)