തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ പൊലീസ് സംരക്ഷണം തേടിയുള്ള ഹർജിയിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ നോക്കണമെന്ന ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്‌ത് അദാനി ഗ്രൂപ്പ്. ഹൈക്കോടതിയിലെ വാദത്തിനുശേഷം അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ പദ്ധതിയുടെ മുന്നോട്ടുപോക്കിൽ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. കേസ് തിങ്കളാഴ്‌ച പരിഗണിക്കാനിരിക്കെ തീരശോഷണം,പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി ഫയൽ ചെയ്യാനാണ് ലത്തീൻ അതിരൂപതയുടെ നീക്കം.ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.മുഖ്യമന്ത്രിയുമായി ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയും നടത്തിയ ചർച്ച പരാജയപ്പെട്ടതിനുപിന്നാലെ കൃത്യമായ കണക്കുകൂട്ടലോടെയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്.ഹരിതട്രൈബ്യൂണലിലെ കേസ് പൂർത്തിയാകുംവരെ തുറമുഖ പദ്ധതി നിറുത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ 2015ൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ദേശീയ താത്പര്യമുള്ള പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും തടയാനാകില്ലെന്നുമായിരുന്നു അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്.താക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.ഈ വിധി നൽകുന്ന ആത്മവിശ്വാസമാണ് അദാനി ഗ്രൂപ്പും കരാർ കമ്പനിയും ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ കാരണം.രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികൾക്കെതിരെ ഹർജി നൽകുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിശദീകരണം.ശ്രീലങ്കയിലെ സാഹചര്യം മുതലെടുത്ത് പദ്ധതി അതിവേഗം പൂർത്തിയാക്കാനിരിക്കെയാണ് അപ്രതീക്ഷിത സമരം അദാനി ഗ്രൂപ്പിന് പ്രഹരമായത്.
സമരം കടുപ്പിക്കും, മുഖ്യധാരയുടെ പിന്തുണയില്ല
മുഖ്യമന്ത്രി നടത്തുന്ന ചർച്ചയോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നായിരുന്നു സർക്കാരിന്റെയും ലത്തീൻ അതിരൂപതയുടെയും ധാരണ. എന്നാൽ മുഖ്യമന്ത്രി തുറമുഖ അനുകൂല നിലപാട് കടുപ്പിച്ചതോടെ പ്രതിഷേധക്കാർക്ക് സമരം തുടരുകയല്ലാതെ മറ്റ് വഴിയില്ലാതായി.തുടർ ചർച്ചകൾ നടത്താമെന്ന ധാരണയിലാണ് ചർച്ച അവസാനിപ്പിച്ചതെങ്കിലും തുറമുഖ നിർമ്മാണം നിറുത്തണമെന്ന ആവശ്യത്തിന് മുന്നിൽ സർക്കാർ വഴങ്ങിക്കൊടുക്കില്ല. യു.ഡി.എഫിന്റെ ഐക്യദാർഢ്യമാണ് സമരക്കാർക്ക് മുഖ്യധാരയിൽ നിന്ന് ലഭിക്കുന്ന ഏക പിന്തുണ. എന്നാൽ പദ്ധതി പ്രദേശത്തെ കോൺഗ്രസ് കൗൺസിലർ സമരവിരുദ്ധ നിലപാട് സ്വീകരിച്ചത് തിരിച്ചടിയായി. പദ്ധതി ആവിഷ്‌കരിച്ചപ്പോൾ ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച 471 കോടിയുടെ പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.അപ്പോഴും പദ്ധതി ഉപേക്ഷിക്കണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ഉയർത്താത്തതാണ് സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും ആശ്വാസം.