
തിരുവനന്തപുരം: സർക്കാർ ഭൂമിയായ കരിയൽ തോട് കൈയേറി ഉടമസ്ഥാവകാശം ലഭിക്കാൻ സർക്കാരിനെ പ്രതിയാക്കി സ്വകാര്യ വ്യക്തി നൽകിയ ഹർജി തിരുവനന്തപുരം മൂന്നാം അഡിഷണൽ മുനിസിഫ് ജയന്ത് ചെലവ് സഹിതം തള്ളി. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ, ചെറുകിട ജലസേചനവകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ, താലൂക്ക് തഹസിൽദാർ, മുട്ടത്തറ വില്ലേജ് ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കി മണക്കാട് സ്വദേശി നസീമ നൽകിയ ഹർജിയാണ് സർക്കാർ വാദം അംഗീകരിച്ച് കോടതി തള്ളിയത്. 2016ൽ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ദുരന്തനിവാരണ നിയമപ്രകാരം അന്നത്തെ ജില്ലാ കളക്ടർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ കരിയിൽ തോടിന്റെ കൈയേറ്റഭാഗം ഹർജിക്കാരിയിൽ നിന്ന് സർക്കാർ തിരിച്ചുപിടിച്ചിരുന്നു. സർക്കാരിനു വേണ്ടി അഡിഷണൽ ഗവൺമെന്റ് പ്ളീഡർ എം. സലാഹുദ്ദീൻ ഹാജരായി.