തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ പ്രതിച്ഛായ മിനുക്കലിന്റെ ഭാഗമായി, പൊലീസിന്റെ താഴേത്തട്ടിലെ പ്രശ്നങ്ങൾ പഠിക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കുന്നു. പൊലീസ് ബറ്റാലിയനുകളും സ്റ്റേഷനുകളും സന്ദർശിച്ച് സംഘം പഠനം നടത്തും. ആദ്യ ഘട്ടമായി, അടൂരിലെ മൂന്നാം സായുധ ബറ്റാലിയനിൽ അണ്ടർ സെക്രട്ടറി വി.വി ബിനിലിന്റെ നേതൃത്വത്തിൽ ആറ് ഉദ്യോഗസ്ഥർ ഇന്ന് എത്തും.
വകുപ്പുകളിൽ മന്ത്രിമാർ ക്രിയാത്മകമായി ഇടപെടണമെന്നും, ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നുമാണ് സി.പി.എം മാർഗ്ഗരേഖ. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് താഴേത്തട്ടിലെ കാര്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് വ്യക്തമായ അവബോധമുണ്ടാക്കാനാണ് പഠനം. പൊലീസിനെ സംബന്ധിച്ച തീരുമാനങ്ങൾ നടപ്പാക്കുന്നതും , സർവീസ് കാര്യങ്ങളടക്കം കൈകാര്യംചെയ്യുന്നതും അവരാണ്. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ അശോക കുമാരി, അസി.സെക്ഷൻ ഓഫീസർമാരായ അനുപമ ജി നായർ, ഡി.ജോൺദാസ്, എ.ഷൈൻ, അസിസ്റ്റന്റ് യു.അഞ്ജു എന്നിവരാണ് ആദ്യ സംഘത്തിലുളളത്. വനിതാ ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ പഠിക്കാനാണ് കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയത്. കേസുകളുടെ എണ്ണം നോക്കിയാവില്ല സ്റ്റേഷനുകൾ നിശ്ചയിക്കുക.
പൊലീസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന്, എല്ലാ തീരുമാനങ്ങളും എടുക്കുന്ന സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ നേരിട്ട് കണ്ടറിയുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര സെക്രട്ടറി ഡോ.വി.വേണു 'കേരളകൗമുദി'യോട് പറഞ്ഞു. പൊലീസുകാരുമായി സംഘം ആശയ വിനിമയം നടത്തും. വീഴ്ചകളും,കുറവുകളും തിരുത്താൻ ശുപാർശ ചെയ്യും സെക്രട്ടേറിയറ്റിലെ ഫയൽ നീക്കത്തിലൊതുങ്ങാതെ, താഴേത്തട്ടിലെ യാഥാർത്ഥ്യങ്ങളും ഉദ്യോഗസ്ഥർ മനസിലാക്കണം.
ശ്രീലേഖയുടെ
വെളിപ്പെടുത്തൽ
പൊലീസിലെ വനിതകൾ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നും ,കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ആദ്യ വനിതാ ഡി.ജി.പിയായ ആർ. ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. സ്ത്രീകൾ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പൊലീസെന്ന് വ്യക്തമാക്കി ,ശ്രീലേഖയ്ക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
''പൊലീസിന്റെ ഭരണ സംവിധാനവും പ്രവർത്തനങ്ങളും ,സേനയിലെ അപര്യാപ്തതകളും
സമിതി പഠിച്ച് പരിഹാര നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് നൽകും".
-ഡോ.വി.വേണു
ആഭ്യന്തര സെക്രട്ടറി