qq

വെമ്പായം: പ്രകൃതി സൗന്ദര്യവും ചരിത്ര പ്രാധാന്യവും കൊണ്ട് ജില്ലാ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച വെള്ളാണിക്കൽ പാറ ഇന്ന് അവഗണനയുടെ വക്കിൽ. ജില്ലയിലെ തന്നെ ഏറെ ടൂറിസം പ്രാധാന്യമുള്ളതും നിത്യേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്നതുമായ വെള്ളാണിക്കൽ പാറയുടെ വികസനം പേപ്പറിൽ മാത്രം ഒതുങ്ങുന്നു. ഓരോ പ്രാവശ്യവും ഉദ്യോഗസ്ഥരും, മന്ത്രിയും എം.എൽ.എയുംഒക്കെ സ്ഥലം സന്ദർശിച്ചു നിരവധി വാഗ്ദാനങ്ങളാണ് നൽകാറുള്ളത്. എന്നാൽ അതെല്ലാം കടലാസിൽ ഒതുങ്ങുന്നു. പോത്തൻകോട്, മാണിക്കൽ, ചിറയിൻകീഴ് പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന വെള്ളാണിക്കൽ പാറ സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടം നേടേണ്ട ഒന്നാണ്. എന്നാൽ ഇവിടം ഇന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

ഐതിഹ്യങ്ങളും ഏറെ

പാലോട് രവി എം.എൽ.എ ആയിരുന്നപ്പോൾ 25 ലക്ഷത്തോളം രൂപ അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇന്ന് അതെല്ലാം നാശത്തിന്റെ വക്കിലാണ്. കിഴക്ക് സഹ്യാദ്രിയും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന വെള്ളാണിക്കൽ പാറയ്ക്ക് ഏറെ ഐതിഹ്യങ്ങളുടെ കഥയും പറയാനുണ്ട്. സമീപത്തായി നിലവിൽ സ്ഥിതിചെയ്യുന്ന ആയിരവല്ലി ക്ഷേത്രം ഗോത്രവർഗ്ഗക്കാർ ആരാധന നടത്തുന്ന കേരളത്തിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടെനിന്ന് വേങ്കമല ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ഗുഹ പാതയും ഇവിടെയുണ്ട്.

വിനോദസഞ്ചാര കേന്ദ്രമാക്കണം

പ്രകൃതിതന്നെ കാഴ്ചകളുടെ വിരുന്നൊരുക്കി നിൽക്കുമ്പോൾ ഇവിടേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനോ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ അധികൃതർ തയാറാകുന്നില്ല എന്ന ആക്ഷേപമാണുള്ളത്. വെള്ളാണിക്കൽ പാറയെ വിനോദസഞ്ചാരകേന്ദ്രമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സെക്യൂരിറ്റി ഇല്ലാത്തതിനാൽ ഓരോ വേനൽ കാലത്തും സാമൂഹ്യ വിരുദ്ധരുടെ ശല്യത്താൽ ഏക്കർ കണക്കിന് കുറ്റിക്കാടാണ് കത്തിക്കുന്നത്. പ്രദേശത്തെ ഒരു വഴി വിളക്കുപോലും കത്താറുമില്ല.