മുടപുരം: മഴ പെയ്താലും കാറ്റുവീശിയാലും വൈദ്യുതി പോകുന്ന അവസ്ഥ ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ സർവ സാധാരണമായി. അടിക്കടി വൈദ്യുതി തടസവും വോൾട്ടേജ് ക്ഷാമവും ഉണ്ടാകുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. കച്ചവടക്കാർ,വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വർഷങ്ങളായി ഉപഭോക്താക്കൾ അനുഭവിക്കുന്ന ഈ ആവലാതിക്ക് പരിഹാരം കാണാൻ ഇവിടെ 33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങൾ പഴക്കമുള്ളതാണ്. ഇക്കാര്യം പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കിയിട്ടില്ല.

കടയ്ക്കാവൂർ കെ.എസ്.ഇ.ബി സെക്ഷന് കീഴിലുള്ള 33 കെ.വി സബ്‌സ്റ്റേഷനിൽ നിന്നും, അവനവഞ്ചേരി 110 കെ.വി സബ്‌ സ്റ്റേഷനിൽ നിന്നുമാണ് ചിറയിൻകീഴിലേക്ക് വൈദ്യുതി എത്തുന്നത്. കിലോമീറ്ററുകൾ അകലെ നിന്ന് വൈദ്യുതി എത്തുന്നതിനാൽ വിതരണത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. അവനവഞ്ചേരിയിലോ കടയ്ക്കാവൂരിലോ ഏതെങ്കിലും വിധത്തിൽ തകരാറുകൾ ഉണ്ടായാൽ ആ പ്രദേശങ്ങളിലുള്ള തകരാറുകൾ പരിഹരിച്ചു മാത്രമേ ചിറയിൻകീഴ് സെക്ഷനിലേക്ക് വൈദ്യുതി എത്തൂ. എന്നിട്ട് മാത്രമേ ഈ സെക്ഷന്റെ പരിധിയിൽ ഉണ്ടാകുന്ന തകരാറുകൾ കണ്ടുപിടിക്കാനാവൂ. ഇത് ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസമുണ്ടാക്കുന്നു.