തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പാറഖനനം നടത്തുന്ന നഗരൂരിലെ പാറമടയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലാ കളക്ടർ ഉടൻ അവിടം സന്ദർശിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. നാട്ടുകാരുടെ പരാതികൾ പരിഹരിച്ച ശേഷം സെപ്‌തംബർ 28നകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
പാറ പൊട്ടിക്കുമ്പോഴുള്ള ആഘാതം അനുവദനീയമായ ദൂരപരിധി കടക്കുന്നതായും രേഖകളെല്ലാം ഹാജരാക്കിയതിനാൽ ലൈസൻസ് നിഷേധിക്കാൻ പഞ്ചായത്തിനാകില്ലെന്നും നഗരൂർ പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. അദാനി പോർട്ട് എം.ഡി രാജേഷ് കുമാർ ഝായുടെ പേരിലാണ് ഖനനം നടത്താൻ കളക്ടർ എൻ.ഒ.സി നൽകിയത്.
2024 ഫെബ്രുവരി 28വരെ ഖനനം നടത്താൻ പഞ്ചായത്ത് അനുമതി നൽകി. നാട്ടുകാർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്താൻ കമ്പനി തയ്യാറായിട്ടില്ലെന്ന പരാതി സത്യമാണെന്ന് പഞ്ചായത്തിന്റെ വിശദീകരണത്തിൽ നിന്ന് ബോദ്ധ്യമായതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ എൻ.ഒ.സി നൽകിയവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ഉത്തരവിലുണ്ട്. നഗരൂർ സ്വദേശികളായ സാബു, മോഹനകുമാർ എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.