
തിരുവനന്തപുരം: ചവറ കെ.എം.എം.എല്ലിന്റെ ഖനനം അടക്കമുള്ള പ്രവർത്തനങ്ങൾ പ്രാദേശിക പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകാൻ തിരുവനന്തപുരത്ത് ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
കെ.എം.എം.എല്ലിന്റെ മൈനിംഗ് സൈറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മിനറൽ സെപ്പറേഷൻ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ നിയമിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കും. ഇക്കാര്യം പഠിച്ച് 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി.
യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, കെ.എൻ. ബാലഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സുജിത് വിജയൻപിള്ള എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എം.എം.എൽ എം.ഡി. ചന്ദ്രബോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.