
കഴക്കൂട്ടം: കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിന് കീഴിലെ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. വലിയതുറ സ്വദേശികളായ മേഴ്‌സൺ (23), വിവാഹിതനായ രഞ്ജിത്ത് (26), അരുൺ ( 20), ഡാനിയൽ (20) എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ കോൺവെന്റിനടുത്ത് സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരു ബൈക്കും രണ്ടു ജോഡി ചെരുപ്പും കഠിനംകുളം എസ്.ഐ കണ്ടു. മോഷണശ്രമമാണെന്ന് കരുതി തൊട്ടടുത്തുള്ള വീട്ടുകാരെ വിളിച്ചുണർത്തി വാഹനം ആരുടേതാണെന്ന് തിരക്കി. ഇതിനിടെ കോൺവെന്റിന്റെ മതിൽ ചാടി രണ്ടുപേർ ഓടിപ്പോകുന്നതുകണ്ട പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്‌തപ്പോൾ കോൺവെന്റിനകത്ത് കാമുകിയെ കാണാൻ വന്നതാണെന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കന്യാസ്ത്രീ പഠനത്തിനെത്തിയ മൂന്ന് പെൺകുട്ടികൾ പീഡനത്തിനിരയായതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
രാത്രിയിൽ ഇവർ മദ്യവുമായെത്തി കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് മഠത്തിലുള്ളവർ ഇക്കാര്യം അറിയുന്നത്. പ്രതികളെ പിടികൂടുന്നതിനിടെ പരിക്കേറ്റ എസ്.ഐ സുധീഷ് ചികിത്സയിലാണ്. ഒരുമാസം മുമ്പാണ് പൊഴിയൂർ സ്വദേശികളായ പെൺകുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയത്. ഒരു പെൺകുട്ടിയുടെ സുഹൃത്ത് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. സൗഹൃദം മുതലെടുത്ത് പ്രതികൾ പെൺകുട്ടികളെ വലയിലാക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവർക്ക് മറ്റ് ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കഠിനംകുളം എസ്.എച്ച്.ഒ സാജു ആന്റണി പറഞ്ഞു.