 പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: ഏഴു പതിറ്റാണ്ടുകാലത്തെ പ്രവർത്തനങ്ങൾകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ലോകത്തിനാകെ മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത 50 വർഷത്തേക്ക് മെഡിക്കൽ കോളേജിന്റെ വികസനം ലക്ഷ്യമാക്കി 717 കോടി രൂപയുടെ മാസ്റ്റർപ്ലാൻ നടപ്പാക്കും. നീതി ആയോഗ് തയ്യാറാക്കിയ ആരോഗ്യ സൂചികകൾ പ്രകാരം കേരളം തുടർച്ചയായി ഒന്നാം സ്ഥാനത്താണ്. ശിശുമരണനിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ഈ രംഗങ്ങളിൽ വികസിത രാജ്യങ്ങൾക്ക് തുല്യമാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരെ പബ്ലിക്ക് ഹെൽത്ത് കേഡറെന്നും മെഡിക്കൽ സർവീസ് കേഡറെന്നും രണ്ടായി വിഭജിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ ഡി.ആർ. അനിൽ, ഡി.എം.ഇ ഡോ. തോമസ് മാത്യു, ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ചയ് ബെഹാരി, ആർ.സി.സി ഡയറക്ടർ ഡോ. രേഖാ എ. നായർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ, ഡോ.സി. ജോൺ പണിക്കർ, ഡോ.വിശ്വനാഥൻ .കെ.വി എന്നിവർ സംസാരിച്ചു.

പ്രതിഭകൾക്ക് ആദരം


മെഡിക്കൽ കോളേജ് നാടിന് സംഭാവന ചെയ്‌ത പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഡോ.കെ.എ. സീതി (1964), ഡോ. കാശി വിശ്വേശ്വരൻ, ഡോ. മാർത്താണ്ഡപിള്ള (1964), ഡോ.ജി.ജെ. ജോൺ (1970), ഡോ.പി.എസ്. താഹ (1970), ഡോ.എ. ആനന്ദകുമാർ (1971), ഡോ.കെ.ആർ. വിനയകുമാർ ( 1972), ഡോ.പി.കെ. ജമീല ( 1975), ഡോ. ശ്രീധർ ( 1976), ഡോ. നിഖിൽ ഹാറൂൺ, ഡോ. മോഹനൻ കുന്നുമ്മേൽ (1977), ഡോ. സു കൃഷ്ണ, ഡോ. ദേവിക മഹേശ്വരി (1988), ഡോ. ഗോപാലകൃഷ്ണൻ നായർ (1988), ഡോ.കെ. ഹർഷകുമാർ (1983), ഡോ. മുഹമ്മദ് നജീബ് ഉസ്മാൻ, ഡോ. മഹേഷ് വർമ്മ, ഡോ. സന്തോഷ് ബാബു, ഡോ. പരമേശ്വരൻ ഹരി, ഡോ. സുൾഫി നൂഹു, ഡോ. നിഷാ നിജിൽ ഹാറൂൺ, ഡോ. ശർമ്മിള മേരി ജോസഫ്, ഡോ. വിദ്യാസാഗർ സദാശിവൻ, ഡോ. ഫൈസൽഖാൻ, ഡോ. സായി ഗണേഷ്, ഡോ. തോമസ് മാത്യു, ഡോ.കൃഷ്ണ ആർ. പ്രസാദ്,ഡോ.എൻ.വി. പിള്ള എന്നിവർക്ക് മുഖ്യമന്ത്രി എക്‌സലൻസ് അവാർഡുകൾ നൽകി.