
മലയിൻകീഴ്: മദ്യപിച്ചെത്തി ഭാര്യാ സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വിളപ്പിൽശാല ഊറ്റുക്കുഴി ദീപു ഭവനിൽ ജി. ദീപുവിനെ (32) വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്തു. ദീപുവിന്റെ ഭാര്യ സിമിയുടെ സഹോദരൻ സുനിലിനാണ് പരിക്കേറ്റത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ദീപു മകളെ സിമിയുടെ അടുത്തുനിന്ന് കൊണ്ടുപോകാൻ ശ്രമിച്ചത് തടഞ്ഞതാണ് സുനിലിനെ ആക്രമിക്കാൻ കാരണം. ആക്രമണത്തിൽ സിമിക്കും മാതാവിനും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ദീപുവിനെ കോടതിയിൽ ഹാജരാക്കി.