കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്ക് വഴി വിട്ടുനൽകിയതിന് ആശുപത്രിയിൽ താത്കാലിക ജോലി നേടിയ ലത്തീഫ എന്ന സ്ത്രീക്ക് ജോലി നിഷേധിച്ചതിൽ പ്രതിഷേധം. പ്രദേശവാസികൾ പ്രതിഷേധിച്ചിട്ടും ഫലം കാണാതായതോടെയാണ് ജനകീയ സമിതി ആശുപത്രിയിലേക്കുള്ള വഴിയടച്ച് പ്രതിഷേധിച്ചത്. 2001ൽ ആശുപത്രിയിലേക്ക് വഴിക്കായുള്ള സ്ഥലം ഇല്ലാത്തതിനാൽ ലത്തീഫയുടെ പിതാവിൽ നിന്നാണ് ജനകീയ സമിതി രണ്ടര സെന്റ് വസ്തു ഏറ്റെടുത്തത്. ഇവർ വിട്ടുനൽകിയ വസ്തു ഇപ്പോഴും അന്നത്തെ ജനകീയ സമിതി കൺവീനറുടെ പേരിലാണുള്ളത്. വസ്തു വിട്ടുനൽകിയതിന് നാട്ടുകാർ ചെറിയ തുക പിരിച്ച് ലത്തീഫയുടെ പിതാവിന് നൽകുകയും ആശുപത്രിയിൽ ഇവർക്ക് താത്കാലിക ജോലി കുറ്റിച്ചൽ പഞ്ചായത്ത് ഉറപ്പുനൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ലത്തീഫ ദിവസവേതന നിരക്കിൽ വ‍ർഷങ്ങളായി ആശുപത്രിയിൽ ജോലി നോക്കുകയായിരുന്നു. ഇവരെ ഒഴിവാക്കി മറ്റൊരാളെ നിയമിച്ചതാണ് വിവാദമായത്. ലത്തീഫയുടെ ജോലി വിഷയം പഞ്ചായത്ത് കമ്മിറ്റി ചേർന്ന് തീരുമാനമെടുത്ത് വകുപ്പിന് നൽകുമെന്ന് കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ നൽകിയ ഉറപ്പിന്മേൽ പ്രതിഷേധ സമരം അവസാനിപ്പിച്ചു.