
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്ത പേവിഷ മരണങ്ങളിൽ വിദഗ്ദ്ധ സമിതി അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. ആശങ്കകൾ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്തണം. രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്,മൃഗസംരക്ഷണവകുപ്പ് എന്നിവിടങ്ങളിലെ ഡോക്ടർമാരും കമ്മ്യൂണിറ്റി,മെഡിസിൻ,ഇൻഫെക്ഷൻ ഡീസീസ് വിഭാഗങ്ങളിലെ വിദഗദ്ധരും ഉൾപ്പെടുന്നതാണ് സമിതി.
ഈ വർഷം എട്ടുമാസത്തിനിടെ 19 പേരാണ് പേവിഷ ബാധ കാരണം മരിച്ചതെന്നാണ് ആരോഗ്യവകുപ്പിൻെറ കണക്ക്. ഇതിൽ നാലു പേർ വാക്സിനെടുത്തിട്ടില്ല. വാക്സിനെടുത്തിട്ടും എങ്ങനെ മരണം സംഭവിച്ചു. 15 പേർ എന്തുകൊണ്ട് വാക്സിനെടുത്തില്ല തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുക. ഇടുക്കി 1,കണ്ണൂർ 1,കൊല്ലം 1,കോട്ടയം 1,കോഴിക്കോട് 2,തൃശൂർ 3,പാലക്കാട് 4,തിരുവനന്തപുരം 6 എന്നിങ്ങനെയാണ് ഈ വർഷം റിപ്പോർട്ട് ചെയ്ത പേവിഷ മരണങ്ങളുടെ എണ്ണം.