aster

 ആസ്റ്ററിന്റെ 255 വീടുകളുടെ താക്കോൽ കൈമാറി

തിരുവനന്തപുരം: മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് കൂടുതൽ സന്തോഷം ലഭിക്കുന്നതെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമായും സങ്കടപ്പെടുന്നവർക്ക് താങ്ങായും മാറിയാൽ രാത്രി സുഖമായി ഉറങ്ങാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ്,​ റീബിൽഡ് കേരളയുമായി ചേർന്ന് നിർമ്മിച്ച 255 വീടുകളുടെ താക്കോൽ കൈമാറുകയായിരുന്നു അദ്ദേഹം. 2018 ലെ പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 2.50 കോടിക്കു പുറമേയാണ് വീടുകൾ നിർമ്മിച്ചത്.15 കോടി രൂപ ചിലവിട്ടാണ് 255 വീടുകൾ നിർമ്മിച്ചത്. ഇതിൽ 60 ആസ്റ്റർ ജീവനക്കാർ 2.25 കോടി ചെലവിട്ട് നിർമ്മിച്ച 45 വീടുകളുമുണ്ട്.

മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.

വർഷങ്ങളുടെ അദ്ധ്വാനത്താൽ പണിത വീടുകൾ നിമിഷങ്ങൾക്കുള്ളിൽ തകരുന്നത് കണ്ട് നിസഹായരായി നിന്നവർക്ക് വീടുകൾ തിരിച്ചു നൽകാനാകുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. വീടുകൾ നിർമ്മിക്കാൻ പിന്തുണച്ച വ്യക്തികൾ, എൻ.ജി.ഒകൾ, അസോസിയേഷനുകൾ, ആസ്റ്റർ ഹോംസ് ഗുണഭോക്താക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ആസ്റ്റർ ഹോംസിന്റെ വെബ്‌സൈറ്റായ www.asterhomes.org യും പുറത്തിറക്കി.