
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയെന്ന് മന്ത്രി വി. ശിവൻകുട്ടി. മാദ്ധ്യമങ്ങൾ വിവരിക്കുന്നത് വർഷങ്ങളായി തുടർന്നു വരുന്ന കാര്യങ്ങളാണ്. ബോണസ് പോയിന്റുകൾ കുറച്ചു കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. മുൻവർഷങ്ങളിൽ 18 പോയിന്റ് വരെ ഇങ്ങനെ നൽകുന്നത് 10 ആക്കി നിജപ്പെടുത്തി. നീന്തലിന്റെ ബോണസ് പോയിന്റ് നിറുത്തി.
ഒരുപാട് മാനദണ്ഡങ്ങൾക്കു ശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയും ഒക്കെ പരിഗണിക്കുന്നത്. തുല്യസ്കോർ വരുമ്പോഴാണിത്. പി.എസ്.സി പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്ന മാതൃക ഇതാണ്. ഈ ഘടകങ്ങൾ പരിശോധിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറുന്ന അവസ്ഥ വരും. പരമാവധി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്‌കൂളുകളിൽ അവർക്ക് ഇഷ്‌ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.