
■പ്രിയാവർഗ്ഗീസിന് അഭിമുഖ യോഗ്യത പോലുമില്ല
■ കണ്ണൂർ വി.സി നിയമനം മുഖ്യമന്ത്രി നിർബന്ധിച്ചിട്ട്
തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനവുമായി മുന്നോട്ടുപോകുമെന്നും താൻ രൂപീകരിച്ച രണ്ടംഗ സെലക്ഷൻ കമ്മിറ്റി ചട്ടപ്രകാരമുള്ളതാണെന്നും വാർത്താചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധിയെ നൽകിയില്ല. നൽകിയാൽ ഉൾപ്പെടുത്തും. സെർച്ച് കമ്മിറ്റിയിൽ ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷനെ ചാൻസലറുടെ നോമിനിയാക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രാജ്ഭവനിലെത്തി ആവശ്യപ്പെട്ടിരുന്നു. ഇത് മിനുട്ട്സിൽ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നടപടിയെടുത്തു. പിന്നാലെ സർവകലാശാലാ സെനറ്റ് സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് പ്രമേയം പാസാക്കിയതിൽ വൈരുദ്ധ്യമുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസിനെ നിയമിക്കാനുള്ള നടപടി ചട്ടവിരുദ്ധമാണ്. അവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള യോഗ്യത പോലുമില്ല. യു.ജി.സി ചട്ടപ്രകാരമുള്ള അദ്ധ്യാപന പരിചയം അവർക്കില്ല. രേഖകൾ പരിശോധിച്ച് ഹിയറിംഗ് നടത്തിയ ശേഷം തുടർനടപടിയെടുക്കും.
സ്വന്തം ജില്ലയിലെ സർവകലാശാലയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പലവട്ടം നിർബന്ധിച്ചതിനാലാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വൈസ്ചാൻസലറായി പുനർ നിയമനം നൽകിയതെന്ന് ആവർത്തിച്ച ഗവർൺ ആ തീരുമാനം തെറ്റായിപ്പോയെന്നും പറഞ്ഞു. കണ്ണൂർ വി.സി രാഷ്ട്രീയ യജമാനന്മാരുടെ താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സ്ഥിരം കുറ്റം ചെയ്യുന്ന അദ്ദേഹം കേന്ദ്രത്തെ വിർമശിക്കുകയാണ്.
മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം ഗോപിനാഥ് രവീന്ദ്രന് വി.സി നിയമനത്തിൽ വെയ്റ്റേജ് നൽകാമെന്ന് പറഞ്ഞിരുന്നു. രാജ്ഭവനിലെത്തിയ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. പിന്നീട് ഉന്നതവിദ്യാഭ്യാസമന്ത്രി, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സഹിതം സെർച്ച് കമ്മിറ്റി റദ്ദാക്കാൻ കത്ത് നൽകി. മനഃസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദമുണ്ടായി. പുനർനിയമനത്തിന് പിന്നാലെ ചാൻസലർ പദവി വേണ്ടെന്നു വച്ചു. ഇനി സർക്കാർ ഇടപെടലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനാലാണ് തുടർന്നത്.
മുഖ്യമന്ത്രിക്ക്
സ്വാഗതം
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളടക്കമുള്ള സംഭവവികാസങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ചുമതലയാണ്. നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല. മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിലേക്ക് സ്വാഗതം. ആശയ വിനിമയത്തിന് താൻ തയ്യാറാണ്. ഇത് തന്റെ സർക്കാരാണ്. സർക്കാരുമായി ഏറ്റുമുട്ടൽ ഇല്ല. നല്ല ബന്ധം തുടരാനാണ് ആഗ്രഹം. മന്ത്രിമാർ വകുപ്പ് സെക്രട്ടറിമാർക്കൊപ്പമാണ് രാജ്ഭവനിലെത്തേണ്ടത്. പേഴ്സണൽ സ്റ്റാഫുകളെ തന്റെയടുത്തേക്ക് വിടരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറിമാരെ താൻ കാണില്ല.
ആർ.എസ്.എസ്
ബന്ധത്തിൽ അഭിമാനം
ആർ.എസ്.എസുമായുള്ള ബന്ധത്തിൽ താൻ അഭിമാനിക്കുന്നു. 1986മുതൽ സംഘടനയുമായി ബന്ധമുണ്ട്. വിദ്യാഭ്യാസരംഗത്തെ ആർ.എസ്എ.സിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. ആർ.എസ്.എസ് നിരോധിത സംഘടനയല്ല. ആ സംഘടനയിലെ പ്രവർത്തകർ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഗവർണർമാരുമൊക്കെയായി. മുൻ മന്ത്രി കെ.ടി. ജലീലിന്റെ 'ആസാദ് കാശ്മീർ" പരാമർശത്തിന് പ്രാധാന്യം നൽകേണ്ടതില്ല. കശ്മീരിന്റെ ചരിത്രം ജലീലിന് അറിയില്ല.
ഗവർണറുടെനിഷേധാത്മക
നിലപാടിനെതിരെ സി.പി.എം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ തുറന്ന പോര് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കുമോയെന്ന ആശങ്കകൾക്കിടെ,സി.പി.എം അടിയന്തര നേതൃയോഗങ്ങൾ വിളിച്ചു.നാളെയും മറ്റന്നാളുംസംസ്ഥാന കമ്മിറ്റി ചേരും.
ഗവർണർ നിഷേധാത്മക സമീപനം തുടർന്നാൽ നടപ്പു നിയമസഭാ സമ്മേളനത്തിൽ പാസാക്കുന്ന ബില്ലുകളുടെ കാര്യം അനിശ്ചിതത്വത്തിലാകുമെന്നാണ് ആശങ്ക.ഗവർണർ- സർക്കാർ പോരിൽ രാഷ്ട്രീയമുതലെടുപ്പിനാണ് പ്രതിപക്ഷത്തിന്റെയും ശ്രമം. ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത ഉടൻ വിധി പറഞ്ഞില്ലെങ്കിലും, ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാതെ വൈകിച്ചാലത് പ്രതിസന്ധിയായേക്കുമെന്ന തോന്നൽ സർക്കാരിനും സി.പി.എമ്മിനുമുണ്ട്.കേരള സർവകലാശാലാ വി.സി നിയമന നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണർക്ക് മേൽ കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദമുണ്ടെന്നും സി.പി.എം കരുതുന്നു
ഇത്തരം സങ്കീർണമായ രാഷ്ട്രീയസാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാകും നാളെയും മറ്റന്നാളുമായി ചേരുന്ന സി.പി.എം നേതൃയോഗങ്ങൾ കൈക്കൊള്ളുക. അസാധാരണ സാഹചര്യമായതു കൊണ്ടുതന്നെ പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന പി.ബി അംഗം പ്രകാശ് കാരാട്ടും നേതൃയോഗങ്ങൾക്കെത്തുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പാർട്ടി നേതൃതലത്തിൽ ചില ക്രമീകരണങ്ങളേർപ്പെടുത്തുന്നതും ആലോചിച്ചേക്കും. വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരായ മത്സ്യത്തൊഴിലാളിസമരം വിട്ടുവീഴ്ചയില്ലാതെ തുടരുന്നതും സർക്കാരിനെ അലട്ടുന്ന വിഷയമാണ്.